യുവാക്കളുടെ ഹരമായ ഡ്യൂക്ക് ബൈക്കുകൾക്ക് കനത്ത വെല്ലുവിളിയുമായി ഹോണ്ടയുടെ സി.ബി 300 ആർ സ്ട്രീറ്റ്ഫൈറ്റർ ഇന്ത്യൻ വിപണിയിൽ അവതരിച്ചു. തങ്ങളുടെ പ്രീമിയം ഡീലർമാർ വഴി വിറ്റഴിക്കുന്ന വാഹനം ഹോണ്ടയുടെ 300 സിസി വിഭാഗത്തിൽ പെടുന്ന ഇന്ത്യയിലെ ആദ്യ മോഡലാണ്. ഹോണ്ട നിയോ സ്പോർട്സ് കഫെ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ നിർമാണം. കെ.ടി.എം ഡ്യൂക്ക് 390, ബി.എം.ഡബ്ല്യു ജി 310, അപ്പാച്ചെ ആർ.ആർ 310, കാവസാക്കി നിൻജ 300 തുടങ്ങിയ മോഡലുകളാണ് സി.ബി 300 ആറിനെ കാത്തിരിക്കുന്ന പ്രധാന എതിരാളികൾ. 2.41 ലക്ഷം രൂപയാണ് ഡൽഹിലെ എക്‌സ് ഷോറൂം വില.
വാഹനത്തിന്റെ 286 സി.സി ലിക്വിഡ് കൂൾഡ് ഡി.ഒ.എച്.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ 8500 ആർ.പി.എമ്മിൽ 30.9 ബി.ച്.പി കരുത്തും 7500 ആർ.പി.എമ്മിൽ 27 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് ഗിയർ ബോക്‌സാണ് വാഹനത്തിനുള്ളത്. 143 കിലോഗ്രാം ഭാരമുള്ള വാഹനത്തെ ഈ വിഭാഗത്തിലെ ഭാരം കുറഞ്ഞവനെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മുൻവശത്ത് 41 എം.എമ്മിന്റെ യു.എസ്.ഡി ഫോർക്കും പിൻഭാഗത്ത് ഏഴ് രീതിയിൽ ക്രമീകരിക്കാവുന്ന സിംഗിൾ മോണോ ഷോക്ക് സസ്‌പെൻഷനുമാണ് നൽകിയിരിക്കുന്നത്. എ.ബി.എസോടുകൂടിയ ഡിസ്ക് ബ്രേക്ക് സംവിധാനം രണ്ട് ടയറുകൾക്കും നൽകിയിരിക്കുന്നത് വാഹനത്തെ ഏത് സ്പീഡിലും നിലയ്‌ക്ക് നിറുത്താൻ സഹായിക്കും. ഗിയർ ഷിഫ്‌റ്റ് വാണിംഗ് സിസ്‌റ്റവും എൽ.സി.ഡി ഇൻസ്ട്രുമെന്റ് കൺസോളും എടുത്ത് പറയേണ്ട പ്രത്യേകതകൾ.
രാജ്യത്തെ 22 പ്രീമിയം ഡീലർമാർ വഴിയാണ് വാഹനം വിൽക്കുന്നത്. ഒരു ഡീലർഷിപ്പ് കൂടി ഉടൻ തുറക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മാർച്ച് മൂന്നാം വാരം മുതൽ ഉപഭോക്താക്കളുടെ കൈകളിലെത്തുന്ന വാഹനത്തിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.