ബംഗളുരു: ജെ.ഡി.എസ് എം.എൽ.എമാരെ പാട്ടിലാക്കാൻ ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. സംസ്ഥാന ബഡ്ജറ്റിന് മുന്നോടിയായി നിയമസഭയിലാണ് ഇതു സംബന്ധിച്ച് ശബ്ദ ശകലം കുമാരസ്വാമി പുറത്തുവിട്ടത്. പണവും സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്ത് ജെ.ഡി.എസ് എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് 40 മിനിട്ട് ശബ്ദ ശകലം കുമാരസ്വാമി സഭയിൽ കോൾപ്പിച്ചത്.
ഗുർമിത്കൽ എം.എൽ.എയുടെ മകൻ ശരണ ഗൗഡയും യെദ്യൂരപ്പയും തമ്മിലുള്ള സംഭാഷണമായിരുന്നു പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണിത് നടന്നതെന്നും കുമാരസ്വാമി ആരോപിച്ചു. കർണാടകയിലെ ദേവദുർഗിലെത്തിയാണ് യെദ്യൂരപ്പ ഫോൺ സംഭാഷണം നടത്തിയതെന്നാണ് കുമാരസ്വാമി പറയുന്നത്.
വ്യക്തിപരമായ കാര്യങ്ങൾക്കായാണ് ദേവദുർഗിൽ പോയത്. ഒരു എം.എൽ.എയുടെ മകനെയും കണ്ടിട്ടില്ല. ശബ്ദശകലം വ്യാജമാണ്.ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയം തന്നെ വിടും -യെദ്യൂരപ്പ