kovalam

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിൽനിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ. മത്സ്യബോർഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണവും പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച മത്സ്യ കർഷകർക്കുള്ള ധനസഹായ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നൽകുന്ന പദ്ധതിയിൽ ഈ വർഷം കൂടുതൽ പേരെ ഉൾപ്പെടുത്തും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള വിവാഹ ധനസഹായം, രോഗചികിത്സാ സഹായം, ഇൻഷ്വറൻസ് ധനസഹായം, ശാരീരിക അവശതയുള്ളവർക്കുള്ള ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായം എന്നീ വിഭാഗങ്ങളിലായി 322 പേർക്ക് 69.93 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പ്രളയത്തിൽ മത്സ്യക്കൃഷിയിൽ നാശനഷ്ടമുണ്ടായ അഞ്ചു കർഷകർക്കും ധനസഹായം നൽകി. കോവളം കെ.ജെ.ജെ.എം അനിമേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നിസാ ബീവി, ഷൈനി വിൽഫ്രഡ്, മത്സ്യബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.