ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവിൽ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിൽ (മൊത്തം നിഷ്‌ക്രിയ ആസ്‌തി) 31,168 കോടി രൂപയുടെ കുറവുണ്ടായെന്ന് കേന്ദ്ര ധന സഹമന്ത്രി ശിവ് പ്രതാപ് ശുക്ള ലോക്‌സഭയിൽ പറഞ്ഞു. മുൻവർഷത്തെ സമാന കാലയളവിലെ 8.95 ലക്ഷം കോടി രൂപയിൽ നിന്ന് 8.64 ലക്ഷം കോടി രൂപയായാണ് കിട്ടാക്കടം കുറഞ്ഞത്.
സർക്കാർ മുന്നോട്ടുവച്ച നാല് നടപടിക്രമങ്ങളാണ് ഗുണം ചെയ്‌തത്. കിട്ടാക്കടം തിരിച്ചറിയൽ, അവ തരണം ചെയ്യാനുള്ള പദ്ധതി, ബാങ്കുകൾക്ക് മൂലധന സഹായം, പരിഷ്‌കരണ നടപടികൾ എന്നിവയാണവ. യുക്തിരഹിതമായ വായ്‌പാ വിതരണം, വായ്‌പാത്തിരിച്ചടവിൽ മനഃപൂർവം വീഴ്‌ച വരുത്തൽ, വായ്‌പാത്തട്ടിപ്പ്, അഴിമതി എന്നിവയാണ് മുൻവർഷങ്ങളിൽ കിട്ടാക്കടം കൂടാൻ കാരണം. 2015- 2018 കാലയളവിൽ 3.33 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം റിക്കവറിയിലൂടെ ബാങ്കുകൾ തിരിച്ചു പിടിച്ചുവെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്‌കരണം പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രത്യക്ഷ നികുതി സമാഹരണം
₹7.89 ലക്ഷം കോടി
നടപ്പുവർഷം ഏപ്രിൽ-ജനുവരി കാലയളവിൽ പ്രത്യക്ഷ നികുതിയിനത്തിൽ 7.89 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ സമാഹരിച്ചു. നടപ്പുവർഷം ആകെ ഈയനത്തിൽ പ്രതീക്ഷിക്കുന്നത് 12 ലക്ഷം കോടി രൂപയാണ്. 2017-18ൽ സമാഹരണം 10.02 ലക്ഷം കോടി രൂപയായിരുന്നു.