ബംഗളുരു: വിപ്പ് നൽകിയിട്ടും നിയമസഭയിലെത്താതെ ഒളിച്ചുകളി തുടരുന്ന നാല് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. വിമത എം.എൽ.എമാരായ രമേഷ് ജർക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി, ബി.നാഗേന്ദ്ര എന്നിവരാണ് കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇന്നലെ നടന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർ ബി.ജെ.പിയുമായി ബന്ധം പുലർത്തുന്നതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.
പാർട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിലും ബഡ്‌ജറ്റ് സമ്മേളനത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. ഈ സാഹചരത്തിലാണ് നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കറെ സമീപിച്ചത്.
''കഴിഞ്ഞ മാസം നടന്ന കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കാതിരുന്ന എം.ൽ.എമാരോട് വിശദീകരണം തേടിയിരുന്നു. ഫെബ്രുവരി 15 വരെ വരാൻ സാധിക്കില്ലെന്നാണ് എം.എൽ.എമാർ പറയുന്നത്. എല്ലാവർക്കും ആവശ്യമായ അവസരങ്ങൾ നൽകിയിരുന്നു. എന്നെ നേരിൽ കാണാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ തയ്യാറായില്ല" -സിദ്ധരാമയ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇവരെ കൂടാതെ കഴിഞ്ഞമാസം കോൺഗ്രസ് പുറത്താക്കിയ എം.എൽ.എ ജെ.എൻ ഗണേഷും റോഷൻ ബെയ്‌ഗ്, ബി.സി പാട്ടീൽ എന്നീ എം.എൽ.എമാരും സഭയിലെത്തിയില്ല. എന്നാൽ ബി.സി.പാട്ടീൽ വിശദീകരണം നൽകിയതായി സിദ്ധരാമയ്യ അറിയിച്ചു.
ജനുവരി 18ന് നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോൺഗ്രസ് തങ്ങളുടെ 76 എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 80 പേരും ജെ.ഡി.എസിന് 37 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് 104 സീറ്റുകളുണ്ട്.