kolkata-police-raid-two-l

കൊൽക്കത്ത: സി.ബി.ഐ മുൻ ഇടക്കാല ഡയറക്‌ടർ എൻ.നാഗേശ്വര റാവുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് കമ്പനികളിൽ കൊൽക്കത്ത പൊലീസിന്റെ മിന്നൽ പരിശോധന. റാവുവിന്റെ ഭാര്യ പങ്കാളിയായ സാൾട്ട് ലേക്കിലെ ആൻജലീല മെർക്കന്റെയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും കൊൽക്കത്തയിലെ ഓഫീസിലുമാണ് വെള്ളിയാഴ്‌ച കൊൽക്കത്ത പൊലീസ് റെയിഡ് നടത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാർ സി.ബി.ഐ ചോദ്യം ചെയ്യലിനായി ഷില്ലോംഗിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് പരിശോധന.

അതേസമയം, കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ധർണയിൽ പങ്കെടുത്തതിന് അഞ്ച് മുതിർന്ന ഐ.പി.എസ് ഓഫീസർമാർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഇവർക്ക് നൽകിയ ബഹുമതികൾ തിരിച്ചെടുക്കുമെന്നും സസ്പെൻഷൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരിന്റെ ഉയർന്ന ബഹുമതികൾ നൽകി ആദരിക്കുമെന്നാണ് മമതാ ബാനർജിയുടെ നിലപാട്. ഡി.ജി.പി വീരേന്ദ്ര കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ മമതയുടെ ഉപവാസത്തിൽ പങ്കെടുത്തിരുന്നു. തനിക്ക് സുരക്ഷയൊരുക്കുന്നതിനാണ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയതെന്നാണ് മമതയുടെ നിലപാട്.