cow-dung-stolen

ചിക്കമംഗളൂരു: വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നത് സ്ഥിരം സംഭവമാണ്. സ്വർണവും പണവും ഉൾപ്പെടെ നിരവധി സാധനങ്ങൾ മോഷണം പോയ കഥകൾ നമ്മൾ കേട്ടിട്ടുമുണ്ട്. എന്നാൽ ചാണകം മോഷണം കഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ. കർണാടകയിലെ ബിരൂർ ജില്ലയിലാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കൃഷിയിടങ്ങളിൽ ജൈവവളമായി ഉപയോഗിക്കാമെന്നതിനാൽ ചാണകത്തിന് കർഷകർക്കിടയിൽ വലിയ ഡിമാൻഡുണ്ടായിരുന്നു. ഇത് മനസിലാക്കിയ മോഷ്‌ടാക്കൾ 40 ട്രാക്‌ടർ നിറയെ ഉണ്ടായിരുന്ന ചാണകം മോഷ്‌ടിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

ഏതാണ്ട് 1.25 ലക്ഷം രൂപ വരുന്ന ചാണകം കാണാതായതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിലെ ഒരു സൂപ്പർ വൈസറെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു സ്വകാര്യ ഭൂമിയിൽ നിന്നും ചാണകം കണ്ടെത്തുകയും ചെയ്‌തു. സംഭവത്തിൽ ഭൂമി ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ബിരൂർ സി.പി.ഐ സത്യനാരായണ സ്വാമി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. കണ്ടെത്തിയ ചാണകം തൊണ്ടിമുതലായി സ്‌റ്റേഷനിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ മൃഗസംരക്ഷണ വകുപ്പിന് തന്നെ തിരിച്ച് നൽകുകയും ചെയ്‌തു. സംഭവത്തിൽ വകുപ്പിലെ മറ്റ് ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.