mullappally-yaathra
mullappally yaathra

 കാസർകോട്,​ കണ്ണൂർ ജില്ലകൾക്ക് ടാർഗറ്റ് 2.22 കോടി,​ കിട്ടിയത് ഒരുലക്ഷം!

കണ്ണൂർ: പാർട്ടിയുടെ സാമ്പത്തികം മെച്ചപ്പെടുത്താൻ ജനമഹായാത്രയ്‌ക്കിറങ്ങിയ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് ആദ്യ രണ്ടു ജില്ല കഴിഞ്ഞപ്പോഴേ യാത്രയുടെ യോഗം പിടികിട്ടി: ഉദ്ദിഷ്‌ടകാര്യ തടസ്സം, സാമ്പത്തിക വിഘ്‌നം, അലച്ചിൽ!

ബൂത്ത് ഒന്നിന് 12,000 എന്ന തോതിലായിരുന്നു ടാർഗറ്റ്. കാസർകോട്ടും കണ്ണൂരുമായി ആകെ 1857 ബൂത്തുകൾ. പിരിഞ്ഞുകിട്ടേണ്ടത് 2.22 കോടി രൂപ. കണ്ണൂരിലെ പര്യടനം പൂർത്തിയാക്കി കാശ് എണ്ണിനോക്കിയപ്പോൾ ഒരുലക്ഷം പോലും തികയാനില്ല. പാർട്ടി പിരിവിൽ ഉഴപ്പിയ രണ്ടു ജില്ലകളിലെയും ബൂത്ത്, മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ട്, യാത്ര തുടരാനിരിക്കുന്ന ജില്ലകളിലെ കമ്മിറ്റികൾക്ക് ഒന്നാന്തരം മുന്നറിയിപ്പാണ് ക്യാപ്റ്റൻ നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കാശിന്റെ കണക്കു പറഞ്ഞ് കോൺഗ്രസിൽ പിണക്കവും പോരും മുറുകുമെന്ന് ഉറപ്പ്.

കാസർകോട്. കണ്ണൂർ ജില്ലകളിലായി പിരിച്ചുവിടപ്പെട്ടത് പത്ത് മണ്ഡലം കമ്മിറ്റികൾ. കാസർകോട് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോം– ബേളൂർ, ദേലംപാടി, പൈവളിഗെ, എൻമകജെ, ചീമേനി എന്നിവിടങ്ങളിലും കണ്ണൂരിലെ രാമന്തളി, എരമം– കുറ്റൂർ, ചെങ്ങളായി എന്നിവിടങ്ങളിലുമാണ് പിരിച്ചുവിടൽ നടപടി.

പേരിനു മാത്രം ഫണ്ടു നൽകിയ മണ്ഡലം കമ്മിറ്റികൾക്ക് മുല്ലപ്പള്ളി അന്ത്യശാസനം നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനകം മുഴുവൻ തുകയും എത്തിച്ചില്ലെങ്കിൽ അച്ചടക്ക നടപടി ഉറപ്പ്. ഓരോ ബൂത്തും കെ.പി.സി.സിക്ക് 8000 രൂപയും ഡി.സി.സിക്ക് 4000 രൂപയും നൽകാനായിരുന്നു നിർദ്ദേശം. അതേസമയം, ജാഥ തീരുമാനിച്ചപ്പോൾ ഫണ്ടിനെക്കുറിച്ച് നേതൃത്വം മിണ്ടിയില്ലെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിലപാട്. പോരെങ്കിൽ, ആറുമാസത്തിനിടെ മൂന്നു തവണയാണ് പിരിവെടുത്തത്. ഇനിയും പിരിക്കാൻ ബുദ്ധിമുട്ടുണ്ട്. മണ്ഡലത്തിൽ പാർട്ടി എന്തു പരിപാടി വച്ചാലും ചെലവു വഹിക്കുന്നത് എം.എൽ.എമാരും എം.പിമാരും ആണെന്നും, ലോണെടുത്തു പോലും ഇതിനു പണം കണ്ടെത്തിയിട്ടുണ്ടെന്നും പേരു പുറത്താക്കരുതെന്ന അപേക്ഷയോടെ ഒരു എം.എൽ.എ പറയുന്നു. സി.പി.എമ്മിൽ, പാ‌ർട്ടി ചെലവിന് അംഗങ്ങളിൽ നിന്ന് ലെവി പിരിക്കുന്ന ഏർപ്പാട് കോൺഗ്രസിൽ നടക്കില്ലല്ലോ എന്നും അദ്ദേഹത്തിന്റെ ആത്മഗതം.

കമ്മിറ്റികൾ പിരിച്ചുവിട്ടതിലെ അതൃപ്തി കണ്ണൂർ ജില്ലാ കമ്മിറ്റി കെ.പി.സി.സിയെ അറിയിച്ചു കഴിഞ്ഞു. യാത്ര മറ്റു ജില്ലകളിലേക്ക് കടക്കുന്നതോടെ പിരിവിൽ ഉദാസീനത കാണിക്കുന്ന കൂടുതൽ മണ്ഡലം കമ്മിറ്റികൾക്കെതിരെ നടപടികയുണ്ടാകുമെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്

തുച്ഛമായ തുകയാണ് മണ്ഡലം കമ്മിറ്റികൾക്ക് ടാർജറ്റ് നിശ്ചയിച്ചത്. അതുപോലും കിട്ടുന്നില്ല. എല്ലാകാലത്തും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രസിഡന്റ് , കെ.പി.സി.സി

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത സ്ഥിതിയിൽ ജില്ലാ കമ്മിറ്റികൾ ഉദാരമായി സഹകരിച്ചെങ്കിലേ തട്ടിമുട്ടിയെങ്കിലും പോകാനാവൂ. തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടു തന്നെയാണ് ജനമഹായാത്ര.

ജോൺസൺ എബ്രഹാം

സംസ്ഥാന ട്രഷറർ,കെ.പി.സി.സി