കോഴിക്കോട്: സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. റാഫേലിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ഒന്നും മിണ്ടാത്തത് ലാവ്‌ലിൻ കേസ് കുത്തിപ്പൊക്കുമെന്ന ഭയമുള്ളതിനാലാണ്. കേന്ദ്രസർക്കാരിനെ സി.പി.എമ്മിന് പേടിയാണെന്നും അദ്ദേഹം ആരോപിച്ചു. ജനമഹായാത്രയോട് അനുബന്ധിച്ച് കോഴിക്കോട് മുതലക്കുളത്ത് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറ്റലിയിൽ പോയി ബെനിറ്റോ മുസോളിനിയിൽ നിന്ന് ഉപദേശം വാങ്ങി രൂപീകരിച്ച സംഘടനയാണ് ആർ.എസ്.എസ്. ജനാധിപത്യവും മതേതരത്വവും എന്താണെന്ന് പോലും ആർ.എസ്.എസിന് അറിയില്ല. കഴിഞ്ഞ നാലേമുക്കാൽ വർഷത്തിനിടെ രാജ്യത്തെ തകർക്കാവുന്നതിൽ അപ്പുറം ആർ.എസ്.എസും ബി.ജെ.പിയും ചെയ്‌തു. വീണ്ടും തന്റെ വാചകകസർത്ത് ഉപയോഗിച്ച് കൊണ്ട് അധികാരത്തിലെത്താനാണ് മോദി ശ്രമിക്കുന്നത്. ഇതിനെ തടയാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മതേതര മുന്നണി ഉണ്ടാക്കിയത്. എന്നാൽ കോടിയേരിയുടെയും പിണറായിയുടെയും സി.പി.എം കേരളം ഘടകം മാത്രമാണ് ഇതിനെതിരെ നിൽക്കുന്നത്. ആർ.എസ്.എസുമായി രഹസ്യ ഇടപാടുണ്ടാക്കിയത് കൊണ്ടാണ് ഇവർ ഇങ്ങനെ നിലപാടെടുക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇക്കാര്യം തെളിയിക്കുന്ന നിരവധി തെളിവുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ കരാർ. ഇതിൽ മോദിക്ക് താത്പര്യമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇത്രയും വലിയ അഴിമതിയുണ്ടായിട്ടും പിണറായിയും കൂട്ടരും ഇതുവരെ മിണ്ടാൻ തയ്യാറായിട്ടില്ല. പാർലമെന്റിൽ പോലും ഇക്കാര്യത്തിൽ മിണ്ടാൻ സി.പി.എം പ്രതിനിധികൾ തയ്യാറായിട്ടില്ല. ലാവ്‌ലിൻ കേസ് ബി.ജെ.പി കുത്തിപ്പൊക്കുമെന്ന് പേടിച്ചാണ് പിണറായിയും കൂട്ടരും മിണ്ടാത്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.