ഹെദരാബാദ്: മെട്രോ സ്‌റ്റേഷൻ ലിഫ്‌റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങൾ ലീക്കായി. ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിലെ ഒരു ലിഫ്‌റ്റിൽ കമിതാക്കൾ സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്ന മൂന്നോളം വീഡിയോയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ചോർന്നത്. ലിഫ്‌റ്റിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മെട്രോ സ്‌റ്റേഷനിലെ കൺട്രോൾ റൂമിൽ നിന്നും ഇവ എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
സംഭവം തങ്ങളുടെ മെട്രോ സ്‌റ്റേഷനിൽ നടന്നതാണെന്ന് ഹൈദരാബാദ് മെട്രോ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.ലിഫ്‌റ്റിലെ സി.സി.ടി.വി കാമറകളുടെ സാന്നിധ്യം അറിയാതെയാണ് കമിതാക്കൾ ഇത്തരത്തിൽ പെരുമാറിയതെന്നാണ് സൂചന. സാധാരണ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെടാറുണ്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുപോകാൻ അധികൃതർ അനുവദിക്കാറില്ല. മെട്രോ സ്‌റ്റേഷൻ പോലുള്ള സുരക്ഷാ പ്രാധാന്യം ഏറിയ സ്ഥലങ്ങളിലെ സി.സി.ടി.വി റൂമിൽ പുറത്ത് നിന്നുള്ളവരെ അനുവദിക്കാറില്ലെന്നാണ് വിവരം. പിന്നെ എങ്ങനെയാണ് ദൃശ്യങ്ങൾ ലീക്കായതെന്നാണ് അന്വേഷിക്കുന്നത്.