നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്തായി. ദക്ഷിണമേഖല യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ സർവീസസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് കേരളം പുറത്തേക്കുള്ള വഴിയിലേക്ക് വീണത്. 63-ാം മിനിട്ടിൽ ബികാസ് ഥാപ്പയാണ് സർവീസസിന്റെ വിജയ ഗോൾ നേടിയത്. അലക്സ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് കേരളം മത്സരം പൂർത്തിയാക്കിയത്.
ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാതെയാണ് കേരളം മടങ്ങുന്നത്. തെലുങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒരു ഡസനോളം സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോളാക്കാനാകാതെ കേരളം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. പുതുച്ചേരിക്കെതിരായ രണ്ടാം മത്സരവും ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.
ഗ്രൂപ്പ് എയിൽ തമിഴ്നാടിനെ സമനിലയിൽ കുരുക്കി കർണാട ഫൈനൽ റൗണ്ട് ഉറപ്പിച്ചിരുന്നു.