കോഴിക്കോട് : കേരളത്തെ ബി.ജെ.പിയുടെ കൈകളിൽ എത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പരസ്യമായ ബന്ധമാണുള്ളത്. ഇതിനുള്ള തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
മുതലാളിമാരുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം മാറി. ഇതിന്റെ മുന്നോടിയായിട്ടാണ് സി.പി.എം സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ നടത്തിയ സംസ്ഥാന യാത്ര കോഴിക്കോട്ടെത്തിയപ്പോൾ ആദ്യം മുതലാളിമാരെ കണ്ടത്.
ആർ.എസ്.എസിന്റെ ഒരു പ്രചാരകനായിരുന്നുവെന്നതിൽ നരേന്ദ്രമോദി അഭിമാനം കൊള്ളുന്നതായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുസോളിനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർ.എസ്.എസ് രൂപീകരിച്ചതെന്ന് ചരിത്ര വിദ്യാർത്ഥികൾക്ക് അറിയാം. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം.
റാഫേൽ ആയുധ ഇടപാടിലെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പിണറായിയും കോടിയേരിയും ഒന്നും മിണ്ടുന്നില്ലെന്നും അവർ ആരെയൊക്കെയോ ഭയപ്പെടുന്നത് പോലെ തോന്നുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.