തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനപരിശോധനാ ഹർജികളെ എതിർക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാൻ ബോർഡിന് ബാധ്യതയുണ്ടെന്നും പുനപരിശോധനാ ഹർജികളിൽ എന്ത് തീരുമാനമുണ്ടായാലും അംഗീകരിക്കുമെന്നും 2018 നവംബർ ഏഴിന് ചേർന്ന ബോർഡ് യോഗത്തിന്റെ റിപ്പോർട്ടാണ് പുറത്തായത്. എന്നാൽ യോഗ തീരുമാനത്തിന് വിരുദ്ധമായി പുനപരിശോധനയെ എതിർക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണം നിലനിൽക്കെയാണ് രേഖകൾ പുറത്തായത്. ഒരു മലയാളം ഓൺലൈൻ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ സമർപ്പിക്കപ്പെട്ട പുനപരിശോധനാ ഹർജികളിൽ നിലപാട് സ്വീകരിക്കാനാണ് നവംബർ ഏഴിന് ദേവസ്വം ബോർഡ് യോഗം ചേർന്നത്. ശബരിമല കേസിൽ മുൻ ദേവസ്വം ബോർഡിന്റെ നിലപാട് തന്നെയാണ് ഇപ്പോഴത്തെ ബോർഡും സ്വീകരിച്ചിരുന്നത്. എന്നാൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയിൽ സമയപരിമിതി മൂലം പറയാൻ കഴിഞ്ഞില്ല. കോടതിയുടെ ഏത് വിധിയും രാജ്യത്തെ നിയമമെന്ന നിലയിൽ അംഗീകരിക്കാൻ ബോർഡിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ പരിമിതികൾക്കുള്ളിൽ നിന്ന് വിധി നടപ്പിലാക്കുമെന്നും യുവതികളായ ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സുപ്രീം കോടതി പുനപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ ഇതിനെ എതിർക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ സ്വീകരിച്ചത്. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ദേവസ്വം കമ്മിഷണറും ചേർന്നാണ് ദേവസ്വം ബോർഡിന്റെ അഭിഭാഷകനുമായി കേസ് പരിഗണിക്കുന്നതിന്റെ തലേന്ന് സംസാരിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാറിനെ ഒഴിവാക്കി കൊണ്ടായിരുന്നു ഇത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ അഡ്വ.രാജഗോപാലൻ നായർക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നാണ് വിവരം.