sabarimala-

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ചൊവ്വാഴ്ച നട തുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് തയ്യാറെടുക്കുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പുവരുത്തുന്നതിനാണ് നിയന്ത്രണങ്ങളെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ ഉൾപ്പെടെയുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. പൂജാദിവസങ്ങളിൽ സമാധാന അന്തരീക്ഷം നിലനിറുത്താൻ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചു.

കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 മുതൽ 17 വരെയാണ് ശബരിമല നടതുറക്കുന്നത്.