rss-worker-arrested

കണ്ണൂർ: ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘർഷങ്ങൾക്കിടെ തലശേരി എം.എൽ.എ എ.എൻ.ഷംസീറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ് നേതാവ് പിടിയിൽ. പുന്നോൽ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തിൽ ആർ. സതീഷിനെയാണ് (25) തലശേരി പൊലീസ് പിടികൂടിയത്. യുവമോർച്ച തലശേരി മണ്ഡലം വൈസ് പ്രസിഡന്റായ സതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളുടെ കൂടെയുള്ള പ്രതി ഇപ്പോഴും ഒളിവിലാണ്.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങൾക്കിടെയാണ് തലശേരി മാടപ്പീടികയാലെ വീടിന് നേരെ ആക്രമണമുണ്ടായത്.ജനുവരി നാലിനായിരുന്നു സംഭവം. ആക്രമണ സമയത്ത് വിട്ടീല്‍ ഷംസീറിന്റെ മാതാപിതാക്കളും സഹോദരിയും മക്കളുമുണ്ടായിരുന്നു. ഇവർക്കാർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നേത‌ൃത്വത്തില്‍ നടക്കുന്ന സമാധാന യോഗത്തില്‍ ഷംസീർ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. എന്നാൽ സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.