തിരുവനന്തപുരം : പരിമിതികളിൽ വീർപ്പുമുട്ടിയിരുന്ന ജനറൽ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും രോഗികൾക്ക് സേവനം ലഭ്യമാക്കുന്ന കാര്യത്തിൽ ഇപ്പോഴും പോരായ്മകളുണ്ടെന്ന് ആക്ഷേപം. മാമോഗ്രാഫിയും സി.ടി സ്കാനിംഗ് സംവിധാനവുമെല്ലാം ആശുപത്രിയിൽ ഉണ്ടെങ്കിലും ആവശ്യത്തിന് റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ സ്കാനിംഗ് പരിശോധനകൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായാണ് പരാതികൾ ഉയരുന്നത്. രണ്ട് റേഡിയോളജിസ്റ്റുണ്ടായിരുന്ന ഇവിടെ ഒരാൾ വിരമിച്ച് വർഷമൊന്ന് കഴിഞ്ഞിട്ടും പകരം ആരും ഇതുവരെയും എത്തിയില്ല. അനുദിനം പെരുകുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് റേഡിയോ ഗ്രാഫർമാരില്ലാത്തതു കാരണം പരിശോധനകൾക്കെത്തുന്ന രോഗികൾ കഷ്ടപ്പെടുകയാണ്. നിലവിൽ രാവിലെ മാത്രമാണ് റേഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നത്. സ്തനാർബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം സംവിധാനം ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. രോഗസാദ്ധ്യതയുണ്ടെന്ന് സംശയത്താൽ ഡോക്ടർമാർ പരിശോധനകൾക്കായി അയയ്ക്കുന്ന രോഗികളോട് പിന്നീട് വരാൻ ഡേറ്റ് നൽകി വിടുകയാണ് ഇപ്പോൾ സ്കാനിംഗ് വിഭാഗത്തിൽ ചെയ്യുന്നത്. വിവിധതരം സ്കാനിംഗുകൾ ഒരു റേഡിയോളജിസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
മെഡിക്കൽ, സർജറി, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ ഒ.പി വിഭാഗങ്ങളിൽ നിന്നായി ഒരു ദിവസം കുറഞ്ഞത് നൂറോളം രോഗികളാണ് ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ സ്കാനിംഗിനായി എത്തുന്നത്.ദിവസവേതനക്കാരായ നാലുപേരടക്കം പത്ത് റേഡിയോഗ്രാഫർമാർ എക്സ്റേ യൂണിറ്റിലുണ്ടെങ്കിലും ഇവിടെയും സ്ഥിതി വിഭിന്നമല്ല. ആധുനിക സൗകര്യമുള്ള രണ്ട് വലിയ മെഷീനുകളും മൂന്ന് പോർട്ടബിൾ എക്സ് റേ മെഷീനുമാണ് ഇവിടെയുള്ളത്. കുറഞ്ഞത് ആറുപേരെങ്കിലും ദിവസവും ഡ്യൂട്ടിക്ക് വേണം. നൈറ്റ് ഡ്യൂട്ടിയും വീക്ക്ലി ഓഫും ഇല്ലാത്തവരെ മൂന്ന് ഷിഫ്റ്റുകളായി നിയോഗിക്കുമ്പോൾ മൂന്ന് പേരുടെ സേവനമാണ് എക്സ് റേ, സ്കാൻ യൂണിറ്രുകളിൽ കിട്ടുന്നത്.ജീവനക്കാർ ജോലിചെയ്ത് തളരുന്ന അവസ്ഥയാകുമ്പോൾ അത്യാവശ്യമെന്നു തോന്നാത്തവരുടെ റിസൾട്ടുകൾ വൈകിപ്പിക്കുന്നതും ചിലപ്പോൾ സംഭവിക്കാറുണ്ടെന്ന് രോഗികൾ പറയുന്നു. എക്സ് റേ യൂണിറ്റിൽ നിന്നും സമയത്തിന് എക്സ്റേ റിസൾട്ട് കിട്ടാതെ വരുമെന്നറിയുന്നതോടെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്.
' രണ്ടു റേഡിയോളജിസ്റ്റിന്റെ സേവനം വേണ്ടുന്ന ഇവിടെ നിലവിൽ ഒരാൾ മാത്രമേ ഉള്ളൂ. ഒരു റേഡിയോളജിസ്റ്റിന്റെ അഭാവം ഉണ്ടെന്നതിനാൽ പുറമെ നിന്ന് ഒരു റേഡിയോളജിസ്റ്റിന്റെ സൗകര്യം അത്യാവശ്യ ഘട്ടങ്ങളിൽ വിനിയോഗിക്കാറുണ്ട്. എങ്കിലും സി.ടി സ്കാൻ ഉൾപ്പെടെ ഉള്ളതിനാൽ വൻ തിരക്കാണ് സ്കാനിംഗ് വിഭാഗത്തിൽ അനുഭവപ്പെടുന്നത്.'
ഡോ. സരിത, സൂപ്രണ്ട്