തിരുവനന്തപുരം: പ്രവർത്തനമികവിന്റെ അറുപതാണ്ട് പിന്നിട്ട തിരുവനന്തപുരം ഡെന്റൽ കോളേജിൽ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് കളമൊരുങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോളേജ് കാമ്പസിൽ നടക്കുന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നതോടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂലായിൽ ദന്തവിഷയവുമായി ബന്ധപ്പെട്ട പ്രദർശനം, ആദിവാസി മേഖലകളിൽ ഡെന്റൽ ക്യാമ്പുകൾ, ഡെന്റൽ ചികിത്സ ഒരുകുടക്കീഴിൽ എന്ന ആശയവുമായി സമ്പൂർണ ദന്തചികിത്സാ പദ്ധതി, ബോധവത്കരണ ക്യാമ്പുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
1959ലാണ് മെഡിക്കൽ കോളേജ് കാമ്പസിൽ ഡെന്റൽ കോളേജ് ആരംഭിക്കുന്നത്. പരിമിതമായ സാഹചര്യത്തിലാരംഭിച്ച് ഇന്ന് ഡെന്റൽ വിദ്യാഭ്യാസം, ഗവേഷണം, സാമൂഹ്യസേവനപ്രവർത്തനം എന്നിവയിൽ ഒട്ടേറെ ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങളുടെ നിറവിലേക്ക് ഉയർന്നിരിക്കുകയാണ് ഈ സ്ഥാപനം. കോളേജിൽ ആകെ രണ്ട് ബ്ലോക്കുകളാണ് നിലവിലുള്ളത്. മൂന്നാം ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. 5250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 20 കോടി രൂപ ചെലവിൽ ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യ മൂന്ന് നിലകൾ ഈ വർഷം തന്നെ തുറക്കാൻ കഴിയും. ഈ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ സർക്കാർ മേഖലയിൽ അത്യാധുനിക ചികിത്സാ സംവിധാനമുള്ള രാജ്യത്തെ ഏറ്റവും വലിയ ഡെന്റൽ കോളേജായി ഈ സ്ഥാപനം മാറും.
നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് കിടക്കാനുള്ള സൗകര്യം ഡെന്റൽ കോളേജിലില്ല. മെഡിക്കൽ കോളേജിലെ കോളേജ് വാർഡിലാണ് ഈ രോഗികളെ ഇപ്പോൾ കിടത്തിയിരിക്കുന്നത്. പുതിയ കെട്ടിടം എത്തുന്നതോടെ ഈ സ്ഥിതി മാറും. ഇൻ പേഷ്യന്റ് വിഭാഗം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.
ജെറിയാട്രിക് ക്ലിനിക്കും പുതിയ കെട്ടിടത്തിലുണ്ടാകും. ദന്തരോഗമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി കൗൺസലിംഗ് സെന്റർ നിർമ്മിക്കാനുള്ള പദ്ധതിയും തയ്യാറായി കഴിഞ്ഞു.