തിരുവനന്തപുരം: 'സ്വന്തമായൊത്തിരി മണ്ണു വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ കൊണ്ടുപോകില്ലയോ
താലിയും മാലയും ചാർത്തി"
ഒരു കാലത്ത് 'രമണനെ"പ്പോലെ മലയാളികളുടെ നാവിൻതുമ്പിൽ അഴകോടെ ഏറെക്കാലം വിലസിയ കവിതയായിരുന്നു തിരുനല്ലൂർ കരുണാകരന്റെ റാണി. 1955ലെ കേരളകൗമുദി ഓണം വിശേഷാൽ പതിപ്പിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട റാണിക്ക് സാഹിത്യ സദസുകളിലും കാമ്പസുകളിലും തുടങ്ങി മലയാളികളുള്ളിടത്തെല്ലാം വലിയ സ്വീകാര്യത കിട്ടി.
അതിപ്രശസ്തമായ കവിതയ്ക്ക് പിൽക്കാലത്ത് വിൽപ്പാട്ട് രൂപവുമുണ്ടായി. തോന്നയ്ക്കൽ നവകേരള കലാസമിതിയാണ് റാണി കഥാകഥന രൂപത്തിൽ തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചത്. 25 വർഷങ്ങൾക്കുശേഷം സമിതിയിലെ കലാകാരന്മാർ കയർ തൊഴിലാളിയായ റാണിയുടെയും കടത്തുകാരനായ നാണുവിന്റെയും അനശ്വര പ്രണയകഥ വീണ്ടും രംഗത്തെത്തിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 9) വൈകിട്ട് തോന്നയ്ക്കൽ മുളയ്ക്കോട് ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിലാണ് പുനരവതരണം. മൂലകഥയിൽ മാറ്റം വരുത്താതെ വില്ലുപാട്ടിന്റെ കഥപറച്ചിൽ ശൈലിയിലേക്ക് സന്നിവേശിപ്പിച്ചാണ് നവകേരളയുടെ അവതരണം. മണികണ്ഠനാണ് കഥ പറയുന്നത്.
നവകേരള സമിതി
തെക്കൻ തിരുവിതാംകൂറിൽ അനുഷ്ഠാന കലയായി രൂപംകൊണ്ട കഥാകഥന സമ്പ്രദായമായ വിൽപ്പാട്ട് എന്ന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനായി കാൽനൂറ്റാണ്ട് മുമ്പ് തോന്നയ്ക്കൽ കേന്ദ്രീകരിച്ചാണ് നവകേരള സമിതി പ്രവർത്തനമാരംഭിച്ചത്.
1994ൽ സമിതിയുടെ ആദ്യകഥയായി അവതരിപ്പിച്ചത് 'റാണി"ആയിരുന്നു. മുന്നൂറിൽപ്പരം വേദികളിൽ അവതരിപ്പിച്ച 'കർണൻ" ആണ് റാണിയെപ്പോലെ ജനപ്രിയമായി മാറിയ സമിതിയുടെ മറ്റൊരു അവതരണം. കൈലാസനാഥൻ, ശിഖണ്ഡി, മഹാഗണപതി, അയ്യപ്പൻ, കണ്ണകി എന്നിവയാണ് സമിതിയുടെ മറ്റു ജനപ്രിയ കഥകൾ.
കാൽനൂറ്റാണ്ടു മുമ്പ് റാണി അവതരിപ്പിച്ചപ്പോൾ കിട്ടിയ സ്വീകാര്യത പുനരവതരണത്തിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം തന്നെ നിരവധി വേദികളിലേക്ക് റാണി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
- മണികണ്ഠൻ,
സെക്രട്ടറി