തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യാൻ ഉടനടി നടപടി സ്വീകരിക്കണമെന്ന് പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകാനൊരുങ്ങി ജില്ലാ ഭരണകൂടം. വർഷങ്ങളായി കെട്ടിക്കിടക്കുന്ന തൊണ്ടിവാഹനങ്ങൾ കൊതുകിനും തെരുവ് നായ്ക്കൾക്കും താവളമാകുന്നതിനാലും പൊലീസ് സ്റ്റേഷൻ പരിസരം ആക്രിക്കടകൾക്ക് സമാനമായി മാറുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കാൻ നിർബന്ധിതമായതെന്ന് ജില്ലാ ഭരണകൂടം അധികൃതർ പറയുന്നു.
തലസ്ഥാന നഗരത്തിൽ പതിനെട്ടോളം പൊലീസ് സ്റ്റേഷനുകളുണ്ട്. ഇവിടെല്ലാം തൊണ്ടിവാഹനങ്ങളുടെ ശവപ്പറമ്പുകൾ തന്നെയാണ്. പലയിടങ്ങളിലും സ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങൾക്ക് മുകളിലൂടെ കാട് പടർന്നിട്ടുണ്ട്. ഇതിനുള്ളിൽ എലിയും കൊതുകും പെറ്റ് പെരുകുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നതായി ആരോഗ്യ വകുപ്പും സാക്ഷ്യപ്പെടുത്തുന്നു. പട്ടത്തെ ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലടക്കം പലയിടങ്ങളിലും റോഡരികിലാണ് തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. രാവിലെയും വൈകിട്ടുമടക്കം തിരക്കേറിയ സമയങ്ങളിൽ ഇത് ഗതാഗത തടസത്തിനും വഴിവയ്ക്കുന്നുണ്ട്. മഴയും വെയിലുമേറ്റ് വാഹനങ്ങൾ പലതും തുരുമ്പെടുത്തു കഴിഞ്ഞു. പലതും അപകടത്തിൽപെട്ട് പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങളായതിനാൽ ഇവ എടുത്തുമാറ്റണമെങ്കിൽ റിക്കവറി വാഹനം വേണം . കേസ് കഴിഞ്ഞ് വാഹനങ്ങൾ തിരികെ കിട്ടിയാലും ആക്രിക്കാർക്ക് തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലെന്ന് പൊലീസുകാർ തന്നെ പറയുന്നു. സ്റ്റേഷന് പുറത്ത് കിടക്കുന്ന വാഹനങ്ങളിൽ നിന്ന് സ്പെയർപാർട്സുകൾ മോഷണം പോകുന്നതും പതിവാണ്. വേനൽക്കാലമായതിനാൽ നെടുമങ്ങാട്ടെ പൊലീസ് യാർഡിലുണ്ടായത് പോലൊരു തീപിടിത്തത്തിന്റെ സാദ്ധ്യതകളും അധികൃതരിൽ ഭയമുണ്ടാക്കുന്നുണ്ട്.
ഇവിടെല്ലാമുണ്ടേ തൊണ്ടിവാഹനങ്ങൾ
ഫോർട്ട് സ്റ്റേഷന് മുന്നിൽ വർഷങ്ങൾക്ക് മുമ്പ് പിടിച്ചിട്ട മണൽ ലോറി ലോഡ് കയറ്റിയ നിലയിൽ ഇപ്പോഴും കാട് പിടിച്ച് സ്റ്റേഷന് മുന്നിലുണ്ട്. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ ഇത്തിരിപ്പോന്ന നടുമുറ്റവും പൊലീസ് സ്റ്റേഷന്റെ മതിലിന് പുറത്തുമെല്ലാം തൊണ്ടി വാഹനങ്ങളുടെ നീണ്ട നിരയാണ്.
രാവിലെയും വൈകിട്ടുമടക്കം തിരക്കേറിയ സമയങ്ങളിൽ പട്ടം - മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്നതിന് പ്രധാന കാരണം ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങളാണ്. മെഡിക്കൽ കോളേജിലും ആർ.സി.സിയിലുമടക്കം എത്താനായി അത്യാഹിതത്തിൽപെട്ട രോഗികളെയും കൊണ്ട് ആംബുലൻസുകൾ മിനിട്ടുകളുടെ വ്യത്യാസത്തിൽ ചീറിപ്പായുന്ന വഴിയാണിത്. ട്രാഫിക് പൊലീസ് സ്റ്റേഷൻ വളപ്പിൽ നൂറുകണക്കിന് വാഹനങ്ങൾ കുന്നുകൂടിയതോടെയാണ് റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയത്. പേട്ട പൊലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിൽ വാഹനങ്ങളിടാൻ സ്ഥലമില്ലാത്തതിനാൽ മതിലിന് പുറത്ത് റോഡരികിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. പരിമിതികൾക്ക് നടുവിൽ നട്ടം തിരിയുന്ന തമ്പാനൂർ പൊലീസ് സ്റ്റേഷൻ അക്ഷരാർത്ഥത്തിൽ ആക്രിക്കടയ്ക്ക് സമാനമാണ്. നേമം സ്റ്റേഷനിലും മറിച്ചല്ല സ്ഥിതി. കഴിഞ്ഞ ദിവസം സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തൊണ്ടിമുതലുകൾ എടുത്തുമാറ്റി സ്റ്റേഷൻ പരിസരം വൃത്തിയാക്കി സൂക്ഷിക്കണമെന്ന് എസ്.ഐക്ക് നിർദ്ദേശവും നൽകിയിരുന്നു.
മുഖ്യമന്ത്രി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല
തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങൾ റോഡിന്റെ വശങ്ങളിലും പൊലിസ് സ്റ്റേഷൻ പരിസരത്തും കിടക്കുന്നത് ഗുരുതര പ്രശ്നമെന്ന് 2017ൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നു. ശാശ്വത പരിഹാരത്തിനായി നിയമനിർമാണ സാദ്ധ്യത പരിശോധിക്കുമെന്ന് എ.എൻ. ഷംസീറിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇതറിയിച്ചത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലിസ് സ്റ്റേഷന്റെ കീഴിലുള്ള മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയെന്നും, വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളാൻ ചീഫ് സെക്രട്ടറി ചെയർമാനായി ഡി.ജി.പി ഉൾപ്പെടെയുള്ളവർ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ നിർദ്ദേശം നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിലൊരു തീരുമാനമുണ്ടായില്ലെന്നതാണ് വാസ്തവം.
എങ്ങോട്ട് കൊണ്ടുപോകും !
ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുമൊക്കെ തൊണ്ടിവാഹനങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇവ എങ്ങോട്ട് മാറ്റണമെന്ന് പറയാത്തത് പൊലീസുകാരെ കുഴക്കുന്നുണ്ട്. കേസിൽപ്പെട്ട വാഹനങ്ങളായതിനാൽ തന്നെ കേസ് തീരുന്നത് വരെ വാഹനങ്ങൾ സംരക്ഷിച്ചേ മതിയാകൂ. നേരത്തേ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള തൊണ്ടിവാഹനങ്ങൾ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൗണ്ടുകടവ് കാഞ്ഞിരവിളാകം പള്ളിക്ക് സമീപത്തെ ഡംപിംഗ് യാർഡിലേക്കാണ് മാറ്റിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് ഇവിടെ തീപിടിത്തമുണ്ടാവുകയും ഒട്ടേറെ വാഹനങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തു. പോരാത്തതിന് ഇഴജന്തുക്കളുടെ ശല്യം കൂടിയായതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ ഇവിടെ നിന്ന് വാഹനങ്ങൾ മാറ്റി. പിന്നീട് ഇവിടെ തൊണ്ടി വാഹനങ്ങൾ എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇതോടെ വാഹനങ്ങൾ എങ്ങോട്ട് മാറ്റണമെന്ന് അറിയാതെ കുഴയുകയാണ് അധികൃതർ.