തിരുവനന്തപുരം: ചൈത്രം ചായം ചാലിച്ച വരികളിലൂടെ ആറുപതിറ്റാണ്ടിന്റെ കാവ്യജീവിതം കൊണ്ട് മലയാളത്തിന്റെ മനസുണർത്തി കടന്നുപോയ പ്രിയകവി ഒ.എൻ.വി. കുറുപ്പിന്റെ സ്മരണയ്ക്ക് മൂന്ന് ആണ്ട്.പുരോഗമന കലാസാഹിത്യ സംഘം വഴുതക്കാട് യൂണിറ്റും ചട്ടമ്പി സ്വാമി സ്മാരക ഗ്രന്ഥശാലയും ചേർന്നാണ് കോട്ടൺഹിൽ എൽ.പി.എസിൽ ഇന്ന് ഒ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും ഒരുക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വൈകിട്ട് 4.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.കവി ശ്രീകുമാരൻ തമ്പി അനുസ്മരണ പ്രഭാഷണം നടത്തും.രാജീവ് ഒ.എൻ.വി, സി.അശോകൻ എന്നിവർ സംസാരിക്കും.സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ രചന അവതരിപ്പിക്കുന്ന ഒ.എൻ.വി. ഗാനസന്ധ്യയുമുണ്ടാകും.ഇതോടനുബന്ധിച്ച് രാവിലെ 10.30ന് ഒ.എൻ.വി കവിതകളുടെ ആലാപന മത്സരവും നടത്തും.രാവിലെ ഒൻപത് മുതൽ രജിസ്ട്രേഷൻ നടത്താം. 12 വയസ് വരെ, 13 - 18 വരെ, 19 വയസിന് മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. വിശദവിവരങ്ങൾക്ക് ഫോൺ: 9747000980,9446552391.