തിരുവനന്തപുരം: പഴകിയ വുഡ്കട്ടറും തുരുമ്പെടുത്ത ഉപകരണങ്ങളുമായി ദുരന്തം നേരിടാനെത്തുന്ന നഗരസഭയുടെ ദുരന്ത നിവാരണ സെൽ ഇനി പഴങ്കഥയാവും. ഫയർബോൾ അടക്കമുള്ള പുത്തൻ ഉപകരണങ്ങൾ വാങ്ങി സെല്ലിനെ ശക്തിപ്പെടുത്താനൊരുങ്ങുകയാണ്. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ മാറ്റിവച്ചു.
സ്വന്തമായി ദുരന്തനിവാരണ സെല്ലുള്ള സംസ്ഥാനത്തെ ചുരുക്കം ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് നമ്മുടെ തിരുവനന്തപുരം നഗരസഭ. എന്നാൽ സെല്ലിലെ ഉപകരണങ്ങളാകട്ടെ ജാമ്പവാന്റെ കാലത്തുള്ളത്. ചെറിയൊരു മഴപോലും നേരിടാനുള്ള സന്നാഹങ്ങളില്ല. ക രിമഠം, ശാസ്തമംഗലം, ജഗതി, നെട്ടയം, പുന്നയ്ക്കാമുകൾ, ഉള്ളൂർ, കഴക്കൂട്ടം, ഗൗരീശപട്ടം, കുണ്ടമൺകടവ്, ഇടപ്പഴഞ്ഞി, പുത്തൻപാലം, കണ്ണമ്മൂല, കല്ലുംമൂട്, കമ്പിക്കകം, കുളത്തൂർ, മൂലേപ്പറമ്പ്, തേക്കുംമൂട്, കരിമണൽ, തമ്പാനൂർ എസ്.എസ് കോവിൽ റോഡ് തുടങ്ങിയ ഇടങ്ങളിൽ വെള്ളപ്പൊക്കം പതിവാണ്. അമ്പലംമുക്ക്, വഴയില, വയലിക്കട, ഇരപ്പുകുഴി, കാച്ചാണി, കുമാരപുരം, മുട്ടട, പട്ടം തുടങ്ങിയിടങ്ങളിൽ വീടുകളിൽ വെള്ളം കയറാറുമുണ്ട്. കിഴക്കേകോട്ടയ്ക്കും തമ്പാനൂരിനും ദുരിതമാണ് മഴക്കാലത്ത്. മരങ്ങൾ കടപുഴകുന്നതും പതിവാണ്. എന്നാൽ ഇതൊന്നും നേരിടാൻ ആധുനിക ഉപകരണങ്ങളില്ല.
പരിഷ്കാരങ്ങൾ ഇവയൊക്കെ...
തീപിടിത്തം തടയാൻ നഗരസഭയുടെ പ്രധാന ഓഫീസിലും സോണൽ ഓഫീസുകളിലും സെർവർ റൂമുകളിൽ ഫയർബോളുകൾ സജ്ജീകരിക്കുകയാണ് സെല്ല് ആധുനികവത്കരിക്കുന്നതിന്റെ ആദ്യപടി. ഫയർഫോഴ്സിന് എത്താൻ കഴിയാത്ത ഇടുങ്ങിയ മുറികളിലും കെട്ടിടങ്ങളിലും ഫയർ ബോളുകൾ കാര്യക്ഷമമായി ഉപയോഗിക്കാനാകും. അപകടകരമാംവിധംനിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ മെക്കാനിക്കൽ വുഡ്കട്ടറുകൾ, കോൺക്രീറ്റ് കട്ടറുകൾ, ഹെവി ഡ്യൂട്ടി ടോർച്ച്, സെർച്ച് ലൈറ്റുകൾ, പോർട്ടബിൾ ജനറേറ്ററുകൾ, പമ്പ്, ചുറ്റിക, ഇൻഫ്ലൈമബിൾ റബർ ബോട്ടുകൾ, റിഫ്ലക്ടർ ജാക്കറ്റ്, ഹെൽമറ്റ്, ജി.പി.എസ് സൗകര്യമുള്ള ഉപകരണങ്ങളടക്കമുള്ളവയാണ് നഗരസഭ വാങ്ങുക. വെള്ളപ്പൊക്കം കണക്കാക്കി പന്ത്രണ്ട് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന റബർ ബോട്ടുകളാണ് വാങ്ങുന്നത്. അൻപതോളം ഫയർ എക്സ്റ്റിംഗ്യുഷറുകളും വാങ്ങും.