വട്ടപ്പാറ: വട്ടപ്പാറ - കുറ്റിയാണി - പോത്തൻകോട് റോഡ്, നവീകരണത്തിനായി കുത്തിപ്പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണം പുനരാരംഭിച്ചില്ലെന്ന് പരാതി. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് ടാർ നീക്കം ചെയ്ത്, റോഡിലെ ഗട്ടറുകളും കുഴികളും അറ്റകുറ്റപ്പണിക്കായി തെളിച്ചിട്ടിട്ട് ആറുമാസമായെങ്കിലും നവീകരണ ജോലികൾ ഏതാണ്ട് നിലച്ച മട്ടാണ്. എം.സി റോഡിനെയും പോത്തൻകോടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. വട്ടപ്പാറ മുതൽ കുറ്റിയാണി വരെയുള്ള ഏഴ് കിലോമീറ്റർ റോഡിലെ ടാർ പൂർണമായും നീക്കം ചെയ്യുകയും തുടർന്നുള്ള പണികൾ നിലയ്ക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ദുരിതത്തിലായത്. നവീകരണത്തിന് മുമ്പ് ചെറിയ ഗട്ടറുകളും ടാറിളകിയ ചില പ്രദേശങ്ങളും ഒഴിച്ചാൽ സഞ്ചാരയോഗ്യമായിരുന്ന റോഡിനാണ് ഈ ദുർഗതി.
നെടുമങ്ങാട് താലൂക്കിലെ പ്രധാനപ്പെട്ട രണ്ട് പ്രദേശങ്ങളായ വട്ടപ്പാറയെയും പോത്തൻകോടിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിൽ പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. ടാറിംഗിനായി തെളിച്ചിട്ട ഗട്ടറുകൾ വൻ ഗർത്തങ്ങളായി മാറിയതോടെ റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. വേനൽ തുടങ്ങിയതോടെ പൊടിശല്യം രൂക്ഷമാണ് ഈ റോഡിൽ. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
റോഡ് നവീകരണം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങും.
എസ്.കെ. അഭിജിത്ത്
യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക
മണ്ഡലം ജനറൽ സെക്രട്ടറി