തിരുവനന്തപുരം : പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ സർപ്പതത്വം അഥവാ ദ സെർപ്പന്റ്സ് ഫ്രീഡം ഡാൻസ് ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനം തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ നടന്നു. ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ സർപ്പതത്വം മുമ്പ് ലോസ് ഏഞ്ചൽസിൽ ഉൾപ്പെടെ പ്രദർശിപ്പിച്ചിരുന്നു. മന്ത്രി കെ.കെ. ശൈലജ, ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചീഫ് ഇൻഫർമേഷൻ ഓഫീസറും ഇൻഡിവുഡ് ടിവി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മുകേഷ് എം. നായർ, എം.എൽ.എമാർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ നടന്ന പ്രദർശനം വീക്ഷിക്കാനെത്തി. ഇരുപത്തിയെട്ടു മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഇതിനകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധനേടിയിട്ടുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ പുതുക്കോട്ടയ്ക്കടുത്ത് ജീവിച്ചിരുന്നുവെന്ന് കരുതുന്ന ആട്ടിടയൻ പാമ്പാട്ടി സിദ്ധറിന്റെ കവിതകളിലൊന്നായ ആടു പാമ്പേ എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്കാരമാണ് സർപ്പതത്വം എന്ന ഡോക്യുമെന്ററിയിലൂടെ മേതിൽ ദേവിക അവതരിപ്പിച്ചിരിക്കുന്നത്. പ്രാചീന സംഗീതത്തിലും, ദാർശനികമായ വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണ് ഡോക്യുമെന്ററിയുടെ ആവിഷ്കാരം. മകുടിയുടെ രാഗവും താളവുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഇതിവൃത്തം, കൊറിയോഗ്രഫി, പെർഫോമൻസ് തുടങ്ങിയവ നിർവഹിച്ചിരിക്കുന്നത് മേതിൽ ദേവിക തന്നെയാണ്. നിർമ്മാണം മുകേഷ്. രാജേഷ് കടമ്പയാണ് ഡോക്യുമെന്ററിയുടെ സഹ സംവിധായകൻ. ഛായാഗ്രഹണം വിപിൻ ചന്ദ്രൻ.