സംവിധായകൻ ലാൽ ജോസ് അഭിനയരംഗത്ത് സജീവമാകുന്നു.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിച്ച് ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന മുഹബത്തിൻ കുഞ്ഞബ്ദുള്ളയിൽ ലാൽ ജോസ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.ലാൽ ജോസിന്റെ രംഗങ്ങൾ ഇന്നലെ മുതൽ ചിത്രീകരിച്ചു തുടങ്ങി.റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം ജിപ്സിയിൽ ലാൽ ജോസിന് നായകതുല്യകഥാപാത്രമാണ്.
മുഹബത്തിൻ കുഞ്ഞബ്ദുള്ളയുടെ ഷൂട്ടിംഗ് ഇപ്പോൾ തൃശൂരിലാണ് നടക്കുന്നത്. ഇന്ദ്രൻസ് , ബാലുവർഗീസ്, രൺജി പണിക്കർ , ലാൽ ജോസ്, നോബി, പ്രേം കുമാർ, ശ്രീജിത്ത് രവി, ഇടവേള ബാബു, രാജേഷ് പറവൂർ , കൊച്ചു പ്രേമൻ , നസീർ സംക്രാന്തി , ദേവരാജ് , അഞ്ജലി നായർ, മാലാ പാർവതി, സാവിത്രി ശ്രീധരൻ , രചന നാരായണൻ കുട്ടി, സ്നേഹാ ദിവാകരൻ, നന്ദനാ വർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ .
ജനുവരി 18ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഈ മാസം പതിനാലാം തീയതി തിരുവനന്തപുരത്ത് പൂർത്തിയാകും.
തിരുവനന്തപുരം ചാലയിൽ അൻപത് വർഷങ്ങൾക്ക് മുൻപ് താമസിച്ചിരുന്ന കുഞ്ഞബ്ദുള്ള എന്ന ചെറുപ്പക്കാരൻ അന്ന് കൂടെ പഠിച്ചിരുന്ന തന്റെ പ്രണയിനിയായ അലീമയെത്തേടി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ ഷാനു സമദ് സിറ്റി കൗമുദിയോട് പറഞ്ഞു. തിരുവനന്തപുരം മുതൽ വയനാട് വരെ അലീമയെ തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ചിത്രം. ഛായാഗ്രഹണം അൻസൂറും എഡിറ്റിംഗ് വി.ടി ശ്രീജിത്തും നിർവഹിക്കുന്നു . പ്രൊഡക് ഷൻ കൺട്രോളർ : ഷാജി പട്ടിക്കര , ഗാനരചന : പി.കെ. ഗോപി, ബാപ്പു വെള്ളിപ്പറമ്പ് , ഷാജഹാൻ ഒരുമനയൂർ , മേക്കപ്പ്:അമൽ ചന്ദ്രൻ , വസ്ത്രാലങ്കാരം : രാധാകൃഷ്ണൻ മാങ്ങാട് .