പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മുദ്രാവാക്യങ്ങളേക്കാൾ മുഴക്കം ശരണംവിളിക്കായിരിക്കും. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയും, ഇപ്പോഴും തുടരുന്ന നിയമയുദ്ധവും ശബരിമലയെ ദേശീയരാഷ്ട്രീയത്തിലും ചർച്ചയാക്കുമ്പോൾ പത്തനംതിട്ടയിലെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 19 മണ്ഡലങ്ങളിലെയും വോട്ട്നിലയെ അതു സ്വാധീനിക്കുമെന്ന് തീർച്ച. എങ്ങനെയെല്ലാം എന്നതു പക്ഷേ, കണ്ടറിയണം.
പത്തനംതിട്ട മണ്ഡലത്തിന് പത്തുവയസേയുള്ളൂ.നേരത്തേ മാവേലിക്കര, അടൂർ, ഇടുക്കി മണ്ഡലങ്ങളിലായി ചിതറിക്കിടന്ന മേഖല. നടന്ന രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിലെ ആന്റോ ആന്റണിക്കായിരുന്നു ജയം. യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നതിന്റെ പ്രയോജനം കൂടി ഇത്തവണ കിട്ടാതിരിക്കില്ലെന്നാണ് യു.ഡി.എഫിന്റെ കണക്ക്. പക്ഷേ, ആദ്യ തിരഞ്ഞെടുപ്പിലേതിനേക്കാൾ കഴിഞ്ഞ തവണ 82,000-ത്തിലധികം വോട്ട് വർദ്ധിപ്പിച്ച ബി.ജെ.പി മനക്കണക്കു കൂട്ടുന്ന വിശ്വാസിവോട്ടുകളോളം വരില്ല അത്. പോരെങ്കിൽ രണ്ടു തിരഞ്ഞെടുപ്പുകൾക്കിടെ യു.ഡി.എഫിന്റെ കൈയിൽ നിന്ന് അരലക്ഷത്തോളം വോട്ട് ചോർന്നിട്ടുമുണ്ട്. എം.ടി. രമേശ് ആയിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി. യു.ഡി.എഫിൽ നിന്ന് ചോർന്ന വോട്ട് പോയ വഴി വ്യക്തം.
ഇക്കുറി ശബരിമല പ്രശ്‌നം ഇടതുപക്ഷത്തെ വെട്ടിലാക്കുമെന്ന് കരുതുന്നവരാണ് അധികം. വിശ്വാസത്തിന്റെ പൂങ്കാവനത്തിൽ നവോത്ഥാന മുദ്രാവാക്യം എത്രകണ്ട് ഏശുമെന്നറിഞ്ഞുകൂടാ. എന്തായാലും ഒരു പക്ഷത്തും സ്ഥാനാർത്ഥി നിർണയമായിട്ടില്ലെങ്കിലും പ്രചാരണത്തിന് തുടക്കമായിക്കഴിഞ്ഞു. എൽ.ഡി.എഫിന്റെ ഫ്ളക്‌സിൽ ഒരു ചോദ്യം: ആന്റോ ആന്റണിയെ കണ്ടവരുണ്ടോ? ആന്റോ തന്നെ മൂന്നാംവട്ടവും യു.ഡി.എഫ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത. രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യന്റെ പേര് ഇടയ്‌ക്കു കേട്ടെങ്കിലും മത്സരത്തിനില്ലെന്ന് കുര്യൻ വ്യക്തമാക്കുകയായിരുന്നു.
ബി.ജെ.പിയിൽ നിന്നാണ് കൂടുതൽ പേരുകൾ കേൾക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ വേരുറപ്പിക്കാനായ നേട്ടം, ഇക്കുറി ശബരിമല വിഷയത്തിൽ പ്രതീക്ഷിക്കുന്ന വിശ്വാസിവോട്ടുകൾ കൂടി ചേർത്ത് പൊലിപ്പിക്കാനാണ് ബി.ജെ.പി പദ്ധതി. മുൻ സ്ഥാനാർത്ഥി എം.ടി. രമേശിന്റെ പേരിനൊപ്പം അധികസാധ്യത കല്പിക്കപ്പെടുന്നത് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല, പാട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർക്കാണ്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പന്തളം കൊട്ടാരം നിർവാഹക സംഘം പ്രതിനിധി പി.ജി. ശശികുമാര വർമ എന്നിവരുടെ പേരുമുണ്ട്.
ഇടതു മുന്നണി, എം.എൽ.എമാരായ രാജു ഏബ്രഹാം, വീണാജോർജ്, പി.എസ്.സി അംഗം റോഷൻറോയി മാത്യു, കഴിഞ്ഞ തവണത്തെ പീലിപ്പോസ് തോമസ് എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കുമെന്നാണ് കേൾക്കുന്നത്. എൽ.ഡി.എഫിൽ എത്തിയ ജനാധിപത്യ കേരള കോൺഗ്രസിനും പത്തനംതിട്ടയിൽ കണ്ണുണ്ട്.
നിയമസഭാ മണ്ഡലങ്ങൾ
ആറന്മുള, അടൂർ, തിരുവല്ല, റാന്നി, കോന്നി, പൂഞ്ഞാർ, കാഞ്ഞിരപ്പളളി
2014ലെ വോട്ടുനില
ആന്റോ ആന്റണി (കോൺ.)- 3,58,842
പീലിപ്പോസ് തോമസ് (സി.പി.എം സ്വത.)- 3,02,651
എം.ടി.രമേശ് (ബി.ജെ.പി)- 1,38,954
ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 56191