ചെറുപുഴ: വധുവിന് പ്രായക്കൂടുതലാണെന്ന് കാണിച്ച് സോഷ്യൽമീഡിയലൂടെ നിരന്തര ആക്ഷേപത്തിനും പരിഹാസത്തിനും ഇരകളായ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈബർ ആക്രമണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് അനൂപ് ജോസഫ് ജൂബി എന്നീ ദമ്പതികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീധനം മോഹിച്ച് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചെന്ന പേരിൽ ഇരുവരുടെയും വിവാഹ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് വ്യാപകമായ പരിഹാസവും ആക്ഷേപവുമാണ് ഇവർ നേരിടേണ്ടി വന്നത്.
സോഷ്യൽമീഡിയയിലെ വ്യാജപ്രചാരണവും സൈബർ ആക്രമണവും കാരണമായുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അനൂപിന്റെ അച്ഛൻ ബാബു പറഞ്ഞു. ദുഷ്‌പ്രചരണം കാരണം കുടുംബത്തിൽ എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ ചിത്രത്തിനെതിരെ സൈബർ ആക്രമികൾ നടത്തിയ കുപ്രചരണങ്ങളെ തുടർന്ന് സൈബർസെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനൂപിന്റെ കുടുംബം പരാതി നൽകിയിരുന്നു. തങ്ങളെ സോഷ്യൽമീഡിയലൂടെ ആക്ഷേപിച്ച സൈബർ ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ദമ്പതികൾ.