തിരുവനന്തപുരം: ഗുരുവായൂരിൽ ക്ഷേത്രപൂരത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എന്ന ആന രണ്ട് പേരെ ചവിട്ടിക്കൊന്നത് കേരളത്തിൽ ഏറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ആചാരങ്ങളുടെ പേര് പറഞ്ഞ് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്ന പരിപാടി നിറുത്തണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം.ഒരു കണ്ണിന് കാഴ്‌ചയില്ലാത്ത ആനയെ നിയമം ലംഘിച്ച് ഉത്സവത്തിനെത്തിച്ച ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾക്ക് പിരിവ് നൽകില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ എഴുത്തുകാരിയായ ശാരദക്കുട്ടിയുടെ പോസ്‌റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. എപ്പോഴും നിറഞ്ഞൊഴുകുന്നതു പോലെയുള്ള ചിമ്മുന്ന കുഞ്ഞുകണ്ണുകളും, മാറി മാറിച്ചവിട്ടുന്ന വ്രണങ്ങളേറ്റു പഴുത്ത കാലുകളും കാണാൻ വയ്യെന്നും ശാരദക്കുട്ടി പോസ്‌റ്റിൽ കുറിക്കുന്നു.
എന്നാൽ ഇതിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങളെയും തേച്ചൊട്ടിച്ച് കൊണ്ടാണ് ശാരദക്കുട്ടിയുടെ പോസ്‌റ്റ് അവസാനിക്കുന്നത്. ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാൻ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാൽ മതി. ഹിന്ദുക്കൾ ആന ചവിട്ടിച്ചാകരുതെന്നും ശാരദക്കുട്ടി കുറിയ്‌ക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണു മനുഷ്യൻ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മൾ? ഉറുമ്പിന്റെ പ്രാക്ക് പോലും ഫലിക്കും, അതിനെ നോവിക്കരുത് എന്നതൊക്കെ പാലിക്കപ്പെടേണ്ട പല കുലാചാര പ്രമാണങ്ങളിലൊന്നാണ്.
ആനക്കറിയില്ല നിങ്ങളുടെ ആന പ്രാന്തും ആട്ടപ്രാന്തും ആഘോഷ പ്രാന്തും. ഒരു ശരീരമുണ്ടായിരിക്കയാൽ അതിനു നോവും. നൊന്താൽ അതു തിരികെ നോവിക്കും. കൊമ്പു കൂർത്തതും കാൽ ബലമുള്ളതുമായ തിനാൽ ചെറുതായും മൃദുവായും ഇക്കിളിയിട്ടും നോവിക്കാനതിനാവില്ല. ഒറ്റച്ചവിട്ടിൽ ഏതാനപ്രേമിയുടെയും ആഢ്യന്റെയും ചങ്കും കുടൽമാലയും പുറത്തു വരും.
ആനയെ എഴുന്നള്ളിക്കുന്ന ഒരുത്സവത്തിനും നയാ പൈസ പിരിവു കൊടുക്കില്ല എന്നതാണ് എനിക്കു ചെയ്യാവുന്ന ഒരു കാര്യം. ആ വഴിക്കു പോവുകയുമില്ല. എപ്പോഴും നിറഞ്ഞൊഴുകുന്നതു പോലെ യുള്ള ചിമ്മുന്ന കുഞ്ഞു കണ്ണുകളും, മാറി മാറിച്ചവിട്ടുന്ന വ്രണങ്ങളേറ്റു പഴുത്ത കാലുകളും കാണാൻ വയ്യ.
സർക്കാരിനോ കോടതിക്കോ ഭരണഘടനക്കോ ഇതിൽ ഒന്നും ചെയ്യാനാവില്ലേ?
( ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാൻ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാൽ മതി. ഹിന്ദുക്കൾ ആന ചവിട്ടിച്ചാകരുത്. എന്തേ... പ്രശ്നമുണ്ടോ?)
എസ്.ശാരദക്കുട്ടി