ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി അസമിലെത്തിയപ്പോഴായിരുന്നു വിവാദമായ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധക്കാർ അദ്ദേഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. 'നരേന്ദ്ര മോദി ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ എത്തിയത്.
വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ വ്യാപകമായതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (എ.എസ്.എസ്.യു) ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
Black flags shown to PM Modi in Guwahati #UserGeneratedContent (@manogyaloiwal)
— India Today (@IndiaToday) February 8, 2019
More videos: https://t.co/FAHzdjSiWA pic.twitter.com/lZyPWrXK5b
അരുണാചൽ പ്രദേശ്, അസം, ത്രിപുര സംസ്ഥാനങ്ങളിൽ ശിലാസ്ഥാപന ചടങ്ങുകളിലും, വിവിധ റാലികളിലും മോദി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം ആദ്യം ലോക്‌സഭയിൽ പാസായ പൗരത്വ ഭേദഗതി ബിൽ ഉടൻ തന്നെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.