ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് തടസം നിൽക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച 117 മണ്ഡലങ്ങളെന്ന് വിലയിരുത്തൽ. കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം മാറിയതും പുതിയ പ്രതിപക്ഷ മുന്നണികൾ രൂപീകരിക്കപ്പെട്ടതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. ഇതിലെ 73 മണ്ഡലങ്ങളിലും 10 ശതമാനത്തിൽ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നതും ബി.ജെ.പി കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു. എന്നാൽ ഇതിൽ ഉത്തർപ്രദേശിൽ നിന്നുള്ള 44 സീറ്റുകളിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷ മുന്നണി രംഗത്തുണ്ട്. ബാക്കിയുള്ള 10 സീറ്റുകൾ കർണാടകയിലും ജാർഖണ്ഡിലുമാണ്. ഇവിടങ്ങളിൽ കോൺഗ്രസ് പ്രാദേശിക കക്ഷികളുമായുണ്ടാക്കിയ സഖ്യം സജീവമായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.
കുറഞ്ഞ ഭൂരിപക്ഷവും പുതിയ മുന്നണിയും
പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്സേ ശേഖരിച്ച കണക്കുകൾ പ്രകാരം 2014ന് മുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ ഏതാണ്ട് 300 സീറ്റുകളിലെങ്കിലും വിവിധ പാർട്ടികൾ ആകെ വോട്ടിന്റെ 10 ശതമാനത്തിൽ താഴെ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ 2014ൽ മോദി തരംഗമുണ്ടായപ്പോൾ ഇത് 200 സീറ്റുകളിലേക്ക് കുറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ, വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കുകയും ചെയ്‌തു. ആകെയുള്ള 543 സീറ്റുകളിൽ 161 എണ്ണത്തിലാണ് 20 ശതമാനത്തിൽ താഴെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിച്ചത് (ഇതിൽ ബി.ജെ.പിക്ക് 117). കൂടാതെ 98 സീറ്റുകളിലെ വിജയം അഞ്ച് ശതമാനം ഭൂരിപക്ഷത്തിലാണ് (ഇതിൽ ബി.ജെ.പിക്ക് 30 സീറ്റുകൾ). 13 കോടി പുതിയ വോട്ടർമാരും പുതിയ മുന്നണികളും ചേരുമ്പോൾ ബി.ജെ.പിക്ക് ഈ സീറ്റുകൾ നിർണായകമാകും. ഉത്തർപ്രദേശിലെ എസ്.പി - ബി.എസ്.പി സഖ്യം ഏതാണ്ട് 34 സീറ്റുകളിൽ വ്യക്തമായ ആധിപത്യം പുലർത്തുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. എന്നാൽ പ്രാദേശിക കക്ഷികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയ കർണാടകയിലും ജാർഖണ്ഡിലും പ്രവചനങ്ങൾ അസ്ഥാനത്താണ്.
പുതിയ വോട്ടർമാർ
ഏതാണ്ട് 13 കോടി വോട്ടർമാർ ഇത്തവണ തങ്ങളുടെ ആദ്യ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നാണ് കണക്കുകൾ. ഈ വോട്ടർമാർ ഏത് രീതിയിൽ ചിന്തിക്കുമെന്നത് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ തമിഴ്നാട്ടിൽ അണ്ണാ എ.ഡി.എംകെയുമായും മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായും ബി.ജെ.പി നീക്കുപോക്കുകൾ നടത്തിയാൽ ഈ സമവാക്യങ്ങളെല്ലാം മാറാമെന്നും രാഷ്ട്രീയ വിദഗ്‌ദ്ധർ പറയുന്നു.
ഷായുടെ ചാണക്യതന്ത്രം ഫലിക്കുമോ?
പ്രാദേശികകക്ഷികളെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സഖ്യമുണ്ടാക്കുന്ന അമിത് ഷായുടെ ചാണക്യതന്ത്രം ഇത്തവണ വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തമിഴ്നാട്ടിൽ അണ്ണാ എ.ഡി.എംകെയുമായി ഇതിനോടകം തന്നെ ബി.ജെ.പി സഖ്യത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതേ തന്ത്രം പുറത്തെടുക്കുന്നുണ്ട്. ഇതിനിടയിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനിൽക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നുമുണ്ട്. മാത്രവുമല്ല തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും പ്രഖ്യാപനങ്ങൾ കൂടി നടത്തി വോട്ടർമാരെ കയ്യിലെടുക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.