തിരുവനന്തപുരം: കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് മുൻ ജില്ലാ അദ്ധ്യക്ഷനുമായ കെ.എസ്.അനിലിന്റെ മകൻ അമലിനെതിരെ വിവാഹ തട്ടിപ്പ് കേസുമായി യുവതി രംഗത്തെത്തി. അമലിന് രണ്ട് ഭാര്യമാരും കുട്ടികളുമുള്ള കാര്യം മറച്ച് വച്ചാണ് വിവാഹ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് യുവതിയുടെ പരാതി. നെയ്യാറ്റിൻകര സ്വദേശിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.
2015 ജൂലൈയിലായിരുന്നു നെയ്യാറ്റിൻകര സ്വദേശിയായ യുവതിയുമായി അമലിന്റെ വിവാഹം. അമലിന് വിദേശത്താണ് ജോലി എന്ന് തെറ്റിധരിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം യുവതിയുടെ സ്വർണാഭരണങ്ങൾ അമൽ വാങ്ങുകയായിരുന്നു. തുടർന്ന് അമൽ വിദേശത്തേക്ക് തിരിച്ച് പോകുന്നു എന്ന വ്യാജേന എറണാകുളത്തേക്ക് പോയി എന്നും യുവതി ആരോപിക്കുന്നു. മാസങ്ങൾക്ക് ശേഷം തിരികെയെത്തിയ അമൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ഗാർഹിക പീഡനം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പനമ്പള്ളി സ്വദേശിയായ മറ്റൊരു യുവതിയുമായി അമലിന്റെ വിവാഹം നടന്ന വിവരങ്ങളടക്കം പരാതിപ്പെട്ടിട്ടും കോൺഗ്രസ് നേതാവായ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് യുവതി ആരോപിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്.