ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളാതെ സി.പി.എം നേതൃത്വം. 25 വർഷത്തിന് ശേഷം ഭരണം നഷ്‌ടമായ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതിനുള്ള സാധ്യതകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാകില്ലെന്നും എന്നാൽ ബി.ജെ.പിയെ തോൽപ്പിക്കാൻ നീക്കമുണ്ടാകുമെന്നുമാണ് കോടിയേരി ഡൽഹിയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അവിടുത്തെ സംസ്ഥാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബി.ജെ.പിയെ തോൽപ്പിക്കുകയെന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോൺഗ്രസുമായി ധാരണയുണ്ടാക്കുകയെന്നത് ഇതുവരെ ചർച്ച ചെയ്‌തിട്ടില്ല. ഇക്കാര്യത്തിൽ ബംഗാൾ ഘടകമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് ബംഗാൾ ഘടകം നേതാക്കൾ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ പാർട്ടി കേരള ഘടകത്തിന്റെ നിലപാടാണ് നിർണായകമാകുക. ശത്രുപക്ഷത്ത് നിൽക്കുന്ന കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ കേരളത്തിൽ ബി.ജെ.പി മുതലെടുക്കുമെന്നാണ് കേരള ഘടകത്തിലെ ചില നേതാക്കളുടെ നിലപാട്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വേണമെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്നും ചില നേതാക്കൾ അഭിപ്രായം നടത്തിയതായും അറിയുന്നു.
എന്നാൽ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെ തകർക്കാൻ ഇരുകൂട്ടരും ചേർന്ന് പദ്ധതി തയ്യാറാക്കിയതായും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയാണ് ഇരുകൂട്ടർക്കും ഇടയിലെ മദ്ധ്യസ്ഥനായി പ്രവർത്തിക്കുന്നതെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.