സി.ഐ ധനപാലൻ കരുതിയത് ആ പെട്ടിയിൽ നോട്ടുകെട്ടുകൾ ആയിരിക്കും എന്നാണ്. പക്ഷേ അതിൽ തങ്കക്കട്ടികൾ ആയിരുന്നു....
അയാളുടെ കണ്ണുകളിൽ ആർത്തിയുടെ മഹാസമുദ്രം അലയടിച്ചു.
മാസ്റ്റർ, പെട്ടി ധനപാലന്റെ മുന്നിലേക്കു നീക്കിവച്ചു.
''ഇത് എത്ര കിലോ ഉണ്ടെന്ന് എനിക്ക് കൃത്യമായി അറിയില്ല. അറിയാവുന്നത് ഒന്നു മാത്രം. ഇത് മുഴുവൻ നിനക്കുള്ളതാണ്. ഒരു ടോക്കൺ അഡ്വാൻസ്."
''താങ്ക്യൂ സാർ.. " ധനപാലൻ പെട്ടെന്ന് പെട്ടിയടച്ച് കയ്യിലെടുത്തു.
''ഇനി ആ മരണവാർത്ത ചാനലിൽ തെളിയുന്നത് കാത്തിരുന്നോളൂ..."
മാസ്റ്റർ തലയാട്ടി.
''എങ്കിൽ ഞാൻ പൊയ്ക്കോട്ടേ?"
''ശരി."
ധനപാലൻ പോയി.
വേലായുധൻ മാസ്റ്റർ ഒന്നു പൊട്ടിച്ചിരിച്ചു.
രാഹുൽ!
ഉരമരുന്നു മണക്കുന്ന പയ്യൻ. അവൻ തന്നെക്കുറിച്ച്
എന്താ കരുതിയത്? അവൻ ജനിക്കുന്നതിനും വർഷങ്ങൾക്കു മുൻപ് രാഷ്ട്രീയ ഗോദയിൽ ഇറങ്ങിയവനാണ് താൻ.
കൊടുത്തും കൊടുപ്പിച്ചും കൊന്നും കൊല്ലിച്ചും തന്നെയാ ഈ നിലയിൽ എത്തിയതും. ആ തന്നെ പേടിപ്പിക്കാൻ ശ്രമിക്കുന്നോ?
തന്ത ചത്തുകഴിഞ്ഞാൽ അവൻ പിന്നെ മുഖ്യമന്ത്രി പദം ചോദിക്കില്ലല്ലോ....
പക്ഷേ കരുതലോടെ നീങ്ങണം. രാഹുലിന് യാതൊരു സംശയവും തോന്നാത്ത വിധത്തിൽ..
അതിന് എന്തുവേണമെന്ന് തനിക്കറിയാം.
6.30 ആകുവാൻ മാസ്റ്റർ കാത്തിരുന്നു.
ആറു മണി മുതൽ മാസ്റ്ററുടെ കാൾ പ്രതീക്ഷിച്ച് റൂമിൽ ഇരിക്കുകയാണ് രാഹുൽ. ഇടയ്ക്കിടെ അവൻ സെൽ ഫോണിലേക്കു നോക്കുന്നുമുണ്ട്.
അവന്റെയൊപ്പം സ്പാനർ മൂസയും ഉണ്ടായിരുന്നു.
''സി.എം വഴങ്ങുമോ?" മൂസയ്ക്കു സംശയം.
വഴങ്ങാതെ എവിടെപ്പോകാൻ?" രാഹുലിന് ഉറപ്പുണ്ട്.
''ഒരുപക്ഷേ അയാൾ സമ്മതിച്ചില്ലെങ്കിൽ..."
രാഹുലിന്റെ കണ്ണുകൾ കുറുകി.
''സമ്മതിച്ചില്ലെങ്കിൽ പ്രശ്നമാണ്. ഒന്നാമത് നോബിൾ തോമസ് നമ്മുടെ പക്കൽ ഇല്ല. അടിച്ചുചതച്ചിട്ടിരിക്കുന്ന പഴവങ്ങാടി ചന്ദ്രനെ പുറം ലോകം കാണിക്കാനും പറ്റില്ല...."
രാഹുൽ ചിന്തയോടെ എഴുന്നേറ്റ് ജാനലയ്ക്കൽ പോയി നിന്നു.
സമയം 6.30
അടുത്ത നിമിഷം സെൽഫോൺ ഇരമ്പി. ഒരു കുതിപ്പിൽ രാഹുൽ അതെടുത്തു.
സി.എം കാളിംഗ്...
രാഹുൽ ഇടം കയ്യുടെ തള്ളവിരൽ ഉയർത്തി മൂസയ്ക്ക് ഒരാംഗ്യം കാട്ടി. പിന്നെ വലം കയ്യിൽ ഫോൺ കാതിലമർത്തി.
''പറഞ്ഞോളൂ സാർ..."
''രാഹുലിന്റെ വ്യവസ്ഥകൾ ഞാൻ സമ്മതിക്കുന്നു ചില ചെറിയ വ്യത്യാസത്തോടെ...."
അവൻ നെറ്റിചുളിച്ചു:
''എന്തു വ്യത്യാസം?"
''എന്റെ മകനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ എന്റെ മുന്നിൽ എത്തിക്കണം. പിന്നെ രാജസേനൻ മുഖ്യമന്ത്രിയാകുമ്പോൾ എനിക്ക് ആഭ്യന്തരം തരണം."
''രണ്ടാമത് പറഞ്ഞത് നടക്കത്തില്ല. നോബിളിനെ ഞാൻ മടക്കിത്തരാം." അവൻ തീർത്തു പറഞ്ഞു.
''ഒന്നുകൂടി ചിന്തിക്ക് രാഹുൽ..."
കേഴും പോലെ സി.എമ്മിന്റെ ഒച്ച.
''പറ്റില്ല."
അപ്പുറത്ത് ഒരു നിമിഷത്തെ മൗനം. പിന്നെ ദീർഘനിശ്വാസത്തിന്റെ ശബ്ദം.
''ശരി. നാളെ രാവിലെ ഞാൻ സ്ഥാനം ഒഴിഞ്ഞിരിക്കും." ഫോൺ കട്ടായി.
''നമ്മൾ ജയിച്ചു മൂസേ..."
ഫോൺ ടീപ്പോയിലേക്ക് ഇട്ടിട്ട് രാഹുൽ തുള്ളിച്ചാടി. ''പക്ഷേ ഈ വരുന്ന രാത്രിയിൽത്തന്നെ നോബിൾ തോമസിനെ കണ്ടെത്തിയേ പറ്റൂ....
മൂസ ഇപ്പോൾത്തന്നെ പത്തനംതിട്ടയ്ക്കു വിട്ടോ...."
മൂസ തിടുക്കത്തിൽ എഴുന്നേറ്റു.
സന്ധ്യ.
ഐ.സി.യുവിൽ ഡ്യൂട്ടിയുള്ള നഴ്സ് താര ഒരു ചായ കഴിക്കാനായി ക്യാന്റീനിൽ എത്തി.
പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു. എടുത്തു നോക്കിയ അവളുടെ മുഖത്ത് ആശ്ചര്യമുണ്ടായി.
''എന്താ സാറേ?"
''താര പുറത്തേക്കു പോന്നേ..."
അവർ കെട്ടിടത്തിനു പുറത്തു വന്നു. സി.ഐ ധനപാലൻ സിവിൽ ഡ്രസ്സിൽ കാത്തുനിന്നിരുന്നു.
''ഇത് വയ്ക്ക്...."
അയാൾ ഭാരമുള്ള ഒരു പൊതി അവളുടെ കയ്യിൽ വച്ചുകൊടുത്തു.
(തുടരും)