നഖം പൊട്ടിപ്പോവുക, നഖത്തിന്റെ ആകൃതിയിൽ മാറ്റമുണ്ടാവുക, നഖത്തിനടിയിൽ രക്തസ്രാവം ഉണ്ടാവുക, പുഴുക്കടി മൂലമുണ്ടാകുന്ന നഖച്ചുറ്റ്, അണുബാധ കൊണ്ട് നഖത്തിനു ചുറ്റുമുള്ള ചർമ്മത്തിന് വേദനയും നീർക്കെട്ട്, നഖം വിട്ടുപോകുക എന്നിവയാണ് നഖത്തിലുണ്ടാകുന്ന മാറ്റങ്ങൾ.
സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ (മുഖം, കൈകാലുകളുടെ പുറം ഭാഗം) തൊലി കട്ടിപിടിക്കുകയും, ചുളിവുകൾ ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിനോടു ചേർന്നു കിടക്കുന്ന കറുത്ത മറുകുകൾ, പെട്ടെന്ന് പ്രത്യക്ഷപ്പെടാം. കഴുത്തിന് പിറകിൽ വെയിൽ കൂടുതൽ ഏൽക്കുന്ന ഭാഗത്ത് ചതുരാകൃതിയിൽ തൊലി കട്ടിപിടിച്ച് ചുളിവുകളോടെ കാണപ്പെടും. മുഖക്കുരു പോലെയുള്ള ചെറിയ കുരുക്കൾ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്നു.
ചിലപ്പോൾ മുഖത്തുണ്ടാവുന്ന കറുത്ത പാടുകൾ ത്വക് കാൻസറായി രൂപാന്തരം പ്രാപിക്കാനും സാദ്ധ്യതയുണ്ട്. വാർദ്ധക്യത്തിലെ പോഷകാഹാരക്കുറവു കാരണം ചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വിറ്റാമിനുകളുടെ കുറവും ചർമ്മത്തിൽ പ്രതിഫലിക്കും. വിറ്റാമിനുകളുടെ ലഭ്യതക്കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങൾ വാർദ്ധക്യത്തിൽ കൂടുതലായി കാണാം. അതിന്റെ മാറ്റങ്ങൾ തൊലിയിലും കാണും.
ശൈശവം മുതൽ വാർദ്ധക്യം വരെ ഓരോ കാലയളവിലും ത്വക്കിൽ വ്യതിയാനങ്ങൾ ഉണ്ടാകും. നമുക്ക് അസ്വീകാര്യമായ മാറ്റങ്ങൾ കൂടുതലായി കാണുന്നത് വാർദ്ധക്യത്തിലാണ്. നന്നായി ചർമ്മസംരക്ഷണം നടത്തുകയും പോഷകങ്ങളും പ്രോട്ടീനും കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്താൽ ഒരളവ് വരെ നമുക്ക് ഈ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.