ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ റാഫേൽ കരാർ ചൂണ്ടാക്കാട്ടി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനം. ബംഗാളിൽ സി.പി.എമ്മുമായി സഹകരിക്കാനും ഡൽഹിയിൽ നിയമസഭാ കക്ഷി നേതാക്കന്മാരുടെയും പി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തിൽ തീരുമാനമായി. എന്നാൽ സഖ്യമാകാതെ പ്രാദേശിക തലത്തിലെ നീക്കുപോക്കിനാണ് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അനുമതി നൽകിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പട്ടിക ഈ മാസം 25നകം നൽകാനും രാഹുൽ ഗാന്ധി വിവിധ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
വളരെ നിർണായകമായ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്ക് പുറമെ കേന്ദ്രസർക്കാരിന്റെ വീഴ്‌ചകളും റാഫേൽ ഉൾപ്പെടെയുള്ള അഴിമതികളും ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രാദേശിക വിഷയങ്ങളിൽ മാത്രം പ്രചാരണം ഒതുങ്ങരുതെന്നും മോദി സർക്കാരിന്റെ വീഴ്‌ചകൾ ഉയർത്തിക്കാട്ടണമെന്നും രാഹുൽ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ സി.പി.എമ്മുമായി സഖ്യചർച്ചകൾ നടത്തിയിട്ടില്ലെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ സോമനാഥ് സോമേന്ദ്രനാഥ് മിത്ര പ്രതികരിച്ചു.
അതേസമയം, ഇപ്പോഴത്തെ എം.പിമാർക്ക് രണ്ടാമതൊരു അവസരം കൂടി നൽകാൻ രാഹുൽ ഗാന്ധി വിവിധ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റിംഗ് എം.പിമാർക്ക് താത്പര്യമില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർത്ഥിയെ തിരഞ്ഞാൽ മതിയെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ തിരഞ്ഞടുപ്പിൽ സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. മത്സരിക്കുന്ന കാര്യത്തിൽ ആർക്കൊക്കെ ഇളവ് നൽകണമെന്ന കാര്യം രാഹുൽ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം 18ന് തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് സംസ്ഥാന കോൺഗ്രസിൽ തുടക്കമാകും.