കുവൈറ്റ് സിറ്റി: വിവാഹംകഴിഞ്ഞ് മൂന്ന് മിനിറ്റിനകം യുവതി വിവാഹമോചനം തേടി . കുവൈറ്റിലാണ് സംഭവം. തന്നെ ഭർത്താവ് അപമാനിച്ചെന്നുകാട്ടിയായിരുന്നു വിവാഹമോചനം നേടിയത്. നിയമപ്രകാരം കോടതിയിൽ വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കി ഭർത്താവിനൊപ്പം തിരിച്ച് നടക്കവെ കാൽവഴുതി വധു നിലത്തുവീണു.
ഇത് കണ്ട് വരൻ പരിഹസിക്കുകയും 'മന്ദബുദ്ധി"യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് വധു പറയുന്നത്. തിരിച്ച് കോടതിയിലേക്ക് നടന്ന യുവതി ഭർത്താവ് മോശമായ പദപ്രയോഗങ്ങൾ കൊണ്ട് അപമാനിച്ചെന്നും അങ്ങനെയുള്ള ഒരാളോടൊപ്പം കഴിയുക ബുദ്ധിമുട്ടാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒന്നുകൂടി ആലോചിച്ചിട്ടുപോരെ എന്ന് കോടതി ചോദിച്ചെങ്കിലും യുവതി നിലപാടിൽ ഉറച്ചുനിന്നു.അതോടെ വിവാഹമോചനം അനുവദിക്കുകയായിരുന്നു.
വാർത്ത സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ യുവതിക്ക് പിന്തുണയുമായി നിരവധിപേർ എത്തി. ജീവിതത്തിന്റെ തുടക്കത്തിൽ ഇങ്ങനെ അപമാനിച്ചെങ്കിൽ തുടർന്നങ്ങോട്ട് എങ്ങനെയായിരിക്കും. വിവാഹമോചനം നേടിയത് നന്നായി എന്നായിരുന്നു കൂടുതൽപേരും ചോദിച്ചത്.