പഠിത്തത്തിനായി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ചാന്ദിനി ശ്രീധരന്റെ തിരിച്ചുവരവ് വിളിച്ചറിയിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചിത്രത്തിലെ വിജിയെന്ന വീട്ടമ്മയെ അതിമനോഹരമായി അവതരിപ്പിച്ച ചാന്ദിനി കാത്തിരിക്കുകയാണ് കൂടുതൽ മികച്ച കഥാപാത്രങ്ങൾക്കായി. തമിഴിൽ തുടങ്ങി തെലുങ്കിലൂടെയാണ് ചാന്ദിനി മലയാളത്തിലെത്തിയത്.
പഠിത്തവും ഷൂട്ടിംഗും ഒരുമിച്ച്
അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ ചെയ്യുകയാണ് ഞാൻ. അള്ള് രാമേന്ദ്രന്റെ ക്ളൈമാക്സ് ചിത്രീകരണ വേളയിലായിരുന്നു എന്റെ ബിരുദ എക്സാമും. ഭാഗ്യം കൊണ്ട് രണ്ടും നല്ല പോലെ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. ഓൺലൈൻ വഴിയാണ് ബിരുദ പഠനം നടുക്കുന്നത്. അതുകൊണ്ടു തന്നെ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനു പകരം പഠിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാൾ പഠിത്തത്തിനായി ഇടവേളയെടുത്തിരുന്നു. ഇനി അങ്ങനെയൊരു ഇടവേളയുണ്ടാകില്ല. അഭിനയത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും.
യാത്രയോട് പ്രണയം
കുട്ടിക്കാലം മുതൽ യാത്രകളോട് വല്ലാത്ത അഭിനിവേശമാണ്. കേരളം- യു.എസ് ഷട്ടിൽ സർവീസ് നടത്തുന്നുണ്ട് ഇപ്പോഴും. മലയാള സിനിമയിൽ എത്തിയതോടെ കൊച്ചിയിലാണ് താമസിക്കുന്നത്. അച്ഛനും അമ്മയും അനിയനും യു.എസിലായതിനാൽ ഒഴിവു കിട്ടിയാലുടൻ ഞാൻ അങ്ങോട്ടേക്ക് പോകും. അവരും നാട്ടിലേക്ക് വരും. ക്ളാസിൽ പോകാതെയുള്ള പഠിത്തമായതിനാൽ ഇരട്ടി ഉത്തരവാദിത്തമാണ് എന്നിലുള്ളത്.
ചാക്കോച്ചനെ പ്രണയിച്ചില്ല
മലയാള സിനിമയുടെ റൊമാന്റിക് നായകനെന്ന വിളിപ്പേരുള്ള ചാക്കോച്ചനെ പ്രണയിക്കാൻ ഭാഗ്യം കിട്ടാത്ത നായിക ഞാനായിരിക്കും. ഇനിയൊരു ചിത്രത്തിൽ പ്രണയ നായികയാകണം. അള്ള് രാമേന്ദ്രനിൽ കുറച്ച് റഫായ കഥാപാത്രമാണ് ചാക്കോച്ചന്റേത്. ഇമോഷനുകൾ ഉള്ളിലൊതുക്കുന്ന ഭാര്യയാണ് വിജി. ഈ സിനിമയിലാണ് ആദ്യമായി കൂടുതൽ താരങ്ങളുമൊത്തുള്ള ലൊക്കേഷൻ. ദുൽഖർ നായകനായ സി.ഐ.എ (കോമ്രേഡ് ഇൻ അമേരിക്ക)യിൽ കാർത്തിക മുരളീധരനും നായികയായി ഉണ്ടായിരുന്നെങ്കിലും കോമ്പിനേഷൻ സീനുകൾ ഞങ്ങൾക്കില്ലായിരുന്നു. ഇവിടെ അപർണയും (അപർണ ബാലമുരളി) ഞാനുമായി ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. ഇപ്പോൾ നല്ല കൂട്ടാണ് ഞങ്ങൾ. ഓരോ താരങ്ങളുടെയും എക്സ്പീരിയൻസിൽ നിന്ന് ചില പാഠങ്ങൾ നമുക്കുമുണ്ടാകും പഠിക്കാൻ.
സൗഹൃദത്തിന്റെ ലെവൽ വേറെ
അമേരിക്കയിൽ സുഹൃത്തുക്കളുണ്ടെങ്കിലും ഇവിടെയുള്ളത്ര ഡീപല്ല ആ ബന്ധങ്ങൾ. ഇവിടെ നേരിട്ടുകണ്ടില്ലെങ്കിലും ടച്ചുണ്ടാകും. അവിടെ അങ്ങനെയല്ല. സ്കൂൾ കഴിഞ്ഞ പലരും പലവഴിക്ക് പിരിഞ്ഞു. പിന്നീട് കോൺടാക്ട് ഇല്ലെന്നു തന്നെ പറയാം. സംവിധായകൻ മൊഹ്സിൻ പരാരി, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, സ്രിന്ദ, ശാന്തി ദുൽഖർ, അമൽ നീരദ്, ജിജോ ആന്റണി,വിജയ് ബാബു തുടങ്ങി ഒരുപാടു നല്ല സുഹൃത്തുക്കളുണ്ട്. അവരെ ഒന്നിച്ച് കാണാനൊന്നും കിട്ടില്ല. എല്ലാവരും തിരക്കിലാണ്. പക്ഷേ പരസ്പരം വിളിക്കാറുണ്ട്. വിശേഷങ്ങളറിയാറുണ്ട്. ഉണ്ണിയുമായി എപ്പോഴും ഗുസ്തിയാണ്. എന്റെ അമ്മ പറയുന്നത് ഞങ്ങൾ വഴക്കിടുന്നതു കാണുമ്പോൾ ഞാനും അനിയനും അടി കൂടുന്നത് ഓർമ്മ വരുമെന്നാണ്.
ഡിസ് റെസ്പെക്ടിനോട് നോ കോംപ്രമൈസ്
വേറെന്തു ക്ഷമിച്ചാലും ഇതിനോട് മാത്രം ക്ഷമയില്ല. ബഹുമാനം കൊടുക്കുക മാത്രമല്ല തിരിച്ചും കിട്ടണം. നിങ്ങൾ ഒരാളെ അംഗീകരിച്ചില്ലെങ്കിലും അയാളെ അവമതിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്റെ അച്ഛൻ പഠിപ്പിച്ച പാഠമാണത്. അത് ഇപ്പോഴും കർശനമായി പിന്തുടരുന്നുമുണ്ട്.
സമത്വം വേണം
ഏതു മേഖലയിലായാലും സമത്വം വേണം. സിനിമയിൽ ഇന്നുവരെ ഒരാളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെ വന്നാൽ പ്രതികരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കുകയുമില്ല.
റീമേക്ക് വേണ്ട
പഴയ ചില സിനിമകൾ കാണുമ്പോൾ വല്ലാതെ കൊതി തോന്നാറുണ്ട് ആ കഥാപാത്രമായി മാറാൻ. പക്ഷേ റീമേക്കുകളോട് വലിയ താത്പര്യം ഇല്ല. ഏതു ചിത്രമായാലും ആദ്യമെടുക്കുന്ന ഭംഗി പിന്നീട് ഉണ്ടാകണമെന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായമാണ്. പുതിയ ചില ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. ഒരു ആസ്വാദക എന്ന നിലയിൽ എന്നെ ആകർഷിക്കുന്ന ചിത്രങ്ങൾ മാത്രമേ ഇതുവരെ സ്വീകരിച്ചിട്ടുള്ളൂ. തുടർന്നും അങ്ങനെയായിരിക്കും.
ചാന്ദിനിയുടെ ചിത്രങ്ങൾ
അയ്ന്തു അയ്ന്തു അയ്ന്തു (തമിഴ്)
ചക്കിലിഗിന്ത (തെലുങ്ക്)
കെ.എൽ 10 (മലയാളം)
ഡാർവിന്റെ പരിണാമം
ശ്രീകാന്ത
സി.ഐ.എ
അള്ള് രാമേന്ദ്രൻ