ചണ്ഡീഗഡ്: ഇരുപത്തിനാലുകാരിയെ കെട്ടിയ അറുപത്തേഴുകാരൻ ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വിവാഹത്തെ ബന്ധുക്കൾ എതിർത്തതോടെയായിരുന്നു ഇത്. ചണ്ഡീഗഡ് സ്വദേശി ഷംഷീർ സിംഗ്, നവ്പ്രീത് കൗർ എന്നിവരാണ് വധൂവരന്മാർ.
അടുപ്പത്തിലായ ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കൾ ഇതിനെ എതിർത്തു. മകളാകാൻ പോലും പ്രായമില്ലാത്ത കുട്ടിയെ കെട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ബന്ധം അവസാനിപ്പിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അതിലൊന്നിലും കുലുങ്ങാതെ രജിസ്റ്റർ വിവാഹം നടത്തുകയായിരുന്നു. തുടർന്നാണ് കൊല്ലുമെന്ന ഭീഷണിയുമായി ഇരുവരുടെയും ബന്ധുക്കൾ രംഗത്തെത്തിയത്. ഹർജി പരിഗണിച്ച കോടതി ദമ്പതികൾക്ക് സംരക്ഷണം നൽകാൻ പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു.
ചണ്ഡീഗഡിലെ ഗുരുദ്വാരയിൽ കഴിഞ്ഞമാസമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.ഇതേത്തുടർന്നാണ് ബന്ധുക്കൾക്ക് കലികയറിയത്. ദമ്പതിമാർക്ക് പ്രായപൂർത്തിയായതിനാൽ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും കോടതി നിർദ്ദേശം കർശനമായി നടപ്പാക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
എന്തുസംഭവിച്ചാലും തങ്ങളെ പിരിക്കാനാവില്ലെന്നും ജീവിതാവസാനംവരെ ഒന്നിച്ചുതന്നെ ജീവിക്കും എന്നാണ് ദമ്പതികളുടെ നിലപാട്. അതിനിടെ ദമ്പതികളെ ഒറ്റപ്പെടുത്താൻ ഗ്രാമവാസികളിൽ ചിലർ ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.