കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് നടന്ന കൺവെഷൻ വേദിക്ക് സമീപം പ്രതിഷേധം. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ചടങ്ങിനിടെ ഫ്രാങ്കോയ്‌ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ച് ഇവർ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, ബിഷപ്പിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകൾക്ക് കേസ് തീരുന്നത് വരെ കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിൽ താമസിക്കാൻ അനുമതി ലഭിച്ചതായി സിസ്‌റ്റർ അനുപമ പറഞ്ഞു. ഇത് സംബന്ധിച്ച ഉറപ്പ് ജലന്ധർ രൂപതയുടെ അധികൃതരിൽ നിന്നും ലഭിച്ചതായും സിസ്റ്റർ അനുപമ കൂട്ടിച്ചേർത്തു. എന്നാൽ തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.