ഹൈദരാബാദ്: ലിഫ്റ്റ്ചോദിച്ച് യുവാവിന്റെ ബൈക്കിൽ കയറിയ രണ്ട് യുവതികൾ മാലയുമായി കടന്നു. ഹൈദരാബാദിനു സമീപത്തായിരുന്നു സംഭവം.
അക്കൗണ്ടന്റായ രവിശങ്കറിന്റെ മാലയാണ് യുവതികൾ കൊണ്ടുപോയത്. വൈകുന്നേരം അഞ്ചുമണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്കുവരുമ്പോൾ മാന്യമായി വേഷംധരിച്ച യുവതികൾ ലിഫ്റ്റ്ചോദിച്ചു. സംശയമൊന്നും തോന്നാത്തതിനാൽ ലിഫ്റ്റ് നൽകി. യാത്രചെയ്യുന്നതിനിടെ ഇരുവരും വളരെ മാന്യമായാണ് രവിശങ്കറിനോട് പെരുമാറിയത്. ഒരു വാഹനം കിട്ടാൻ കുറേനേരമായി കാത്തുനിൽക്കുകയായിരുന്നെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് ലിഫ്റ്റ് ചോദിച്ചതെന്നുമാണ് യുവതികൾ പറഞ്ഞത്.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ തങ്ങൾക്ക് ഇവിടെയാണ് ഇറങ്ങേണ്ടതെന്ന് രവിശങ്കറിനോട് പറഞ്ഞു.നന്ദിപറഞ്ഞുകൊണ്ട് ബൈക്കിൽനിന്ന് ഇറങ്ങവെ പെട്ടെന്ന് യുവതികളിലൊരാൾ രവിശങ്കറിന്റെ മാലവലിച്ചുപൊട്ടിക്കാൻ ശ്രമിച്ചു.അതോടെ രവിശങ്കറും യുവതികളും തമ്മിൽ പിടിവലിയായി.മാലയുടെ ഒരു കഷണംമാത്രം രവിശങ്കറിന് കിട്ടി.
ബാക്കിയുമായി യുവതികൾ കടന്നു. നിലവിളികേട്ട് ഒാടിയെത്തിയവർ പരിസരമാകെ അരിച്ചുപെറുക്കിയെങ്കിലും യുവതികളെ കണ്ടെത്താനായില്ല. പിന്നീട് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ യുവതികളെ പിടികൂടി.അടിപൊളിയായി ജീവിക്കാനുള്ള പണം കണ്ടെത്താനായിരുന്നു മോഷണം എന്നാണ് യുവതികൾ പറയുന്നത്. ആദ്യമോഷണമായിരുന്നു ഇതെന്നും യുവതികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. ചോദ്യംചെയ്യൽ തുടരുകയാണ്.