ചെന്നൈ: മതപരിവർത്തനം നടത്താനെത്തിയ മുസ്‌ലിം സംഘടനാ പ്രവർത്തകരെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ തമിഴ്നാട്ടിലെ കുംഭകോണത്ത് പട്ടാളി മക്കൾ കക്ഷി (പി.എം.കെ) നേതാവ് കൊല്ലപ്പെട്ടത് മേഖലയിൽ സംഘർഷാവസ്ഥയ്‌ക്ക് കാരണമായി. പി.എം.കെ നേതാവ് രാമലിംഗമാണ് കഴിഞ്ഞ ചൊവ്വാഴ്‌ച കാറിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഒരാൾ അടക്കം അഞ്ച് പേരെ പൊലീസ് പിടികൂടി. മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, നിസാം അലി, ഷർബുദ്ദീൻ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. രാമലിംഗവുമായി തർക്കമുണ്ടായ സംഘത്തിലെ അംഗമാണ് നിസാം അലിയെന്നും ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ മറ്റുള്ളവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്‌ച പകൽ കുംബകോണത്തെ ഒരു ഗ്രാമത്തിൽ മതപ്രചാരണത്തിനെത്തിയ സംഘവുമായി രാമലിംഗം തർക്കത്തിലേർപ്പെട്ടിരുന്നു. ഇന്ത്യയിൽ എല്ലാ മതസ്ഥരും ഒരുപോലെയാണ് കഴിയുന്നതെന്നും നിർബന്ധിച്ചുള്ള മതപരിവർത്തനം നടത്തരുതെന്നും രാമലിംഗം സംഘത്തോട് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന രാമലിംഗം അന്നേദിവസം രാത്രി വീട്ടിലേക്ക് വരുന്ന വഴിയാണ് ഒരു കാറിലെത്തിയ സംഘം അദ്ദേഹത്തെ തടഞ്ഞുനിറുത്തി അക്രമിച്ചത്. മാരക ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രാമലിംഗത്തിന് ആഴത്തിലുള്ള മുറിവേറ്റു. 17കാരൻ മകന്റെ മുന്നിൽ വച്ച് രാമലിംഗത്തിന്റെ ഇരുകൈകളും സംഘം മുറിച്ചുമാറ്റി. ഉടൻ തന്നെ രാമലിംഗത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുംബകോണത്തെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ അവിടെ എത്തുമ്പോഴേക്കും രക്തം വാർന്ന് രാമലിംഗത്തിന്റെ മരണം സംഭവിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ
അതേസമയം, സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കുംബകോണത്ത് റോഡ് ഉപരോധിച്ചു. തന്റെ നാട്ടിൽ നടന്ന നിർബന്ധ മതപരിവർത്തനം തടഞ്ഞതിനാണ് രാമലിംഗം ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് പി.എം.കെ നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ രാമലിംഗത്തിന്റെ മകന്റെ പരാതിയിൽ കേസെടുത്ത പൊലീസ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പ്രദേശത്ത് സംഘർഷം വ്യാപിക്കാതിരിക്കാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.