കോഴിക്കോട്: ബി.ജെ.പിയുമായി സി.പി.എമ്മിന് രഹസ്യബന്ധമുണ്ടെന്നും ബി.ജെ.പി ബന്ധം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ലാവ്‌ലിൻ കേസ് ഉയർത്തുമെന്ന ഭീതിയിലാണ് റാഫേൽ ഇടപാടിനെപ്പറ്റി പിണറായി പ്രതികരിക്കാത്തത്. താൻ കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ ലാവ്‌ലിൻ കേസ് സി.ബി.ഐക്ക് വിടാൻ ഈയിടെ യു. ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയ പ്രമുഖ നേതാവ് സമ്മർദ്ദം ചെലുത്തിയിരുന്നു. സി.ബി.ഐ വേണ്ട രീതിയിലന്വേഷിച്ചാൽ പിണറായി ഇരുമ്പഴിക്കുള്ളിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൂത്തുപറമ്പിൽ പിണറായി മത്സരിക്കുന്ന സമയത്ത് ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമേകിയത്. പ്രത്യുപകരമായി കെ.ജി. മാരാർക്ക് സമാന സഹായങ്ങൾ നൽകി. ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട് വത്സൻ തില്ലങ്കേരിയുമായുള്ള ധാരണകളും കേരളം കണ്ടതാണ്.
സി.പി.എമ്മിനെയും ബി.ജെ.പിയെയും കൂട്ടിയിണക്കുന്ന പാലമാണ് തില്ലങ്കേരിയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കേരള ഗവൺമെന്റിനെയും കേന്ദ്ര ഗവൺമെന്റിനെയും ബന്ധിപ്പിക്കുന്ന പാലമായാണ് അൽഫോൺസ് കണ്ണന്താനം പ്രവർത്തിക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ വോട്ടു ചെയ്തത് സി.പി.എമ്മിനായിരുന്നു. ഇതെല്ലാം രഹസ്യധാരണയുടെ ഭാഗമാണ്.
സി.പി.എം- ബി.ജെ.പി ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ സമയം വരുമ്പോൾ പുറത്തു വിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, എം.കെ. രാഘവൻ എം.പി, ശൂരനാട് രാജശേഖരൻ, ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കെ.പി. അനിൽകുമാർ, കെ.സി. അബു, കെ.കെ. അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.