chain-snatching

തിരുവനന്തപുരം: തിരുമല ശ്രീകൃഷ്ണ ആശുപത്രിക്ക് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ പിടിയിലായ പൂജപ്പുര ചിത്രാ നഗറിൽ ലക്ഷ്മി വിലാസത്തിൽ സജീവ് (28) കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയത് മൂന്ന് മാലമോഷണം. പൂജപ്പുരയിൽ ചെങ്കള്ളൂർ ക്ഷേത്രത്തിനു സമീപം യുവതിയുടെ മാല പിടിച്ചുപറിച്ചതും കവടിയാർ ജവഹർ നഗറിൽ സ്ത്രീയെ കബളിപ്പിച്ചു മൂന്നു പവന്റെ മാല കവർന്നതും ഇയാളാണെന്നു തെളിഞ്ഞു. ചെങ്കളൂർ സ്വദേശി ആദ്യം പരാതി നൽകിയിരുന്നില്ല. പ്രതിയുടെ അറസ്റ്റോടെയാണു ഈ മോഷണം പുറത്തായത്‌.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഊടുവഴികൾ വരെ കാണാപാഠമാക്കിയ സജീവ് വൃദ്ധരായ സ്ത്രീകളെയാണ് മാലപൊട്ടിക്കലിന് ഇരയാക്കുന്നത്. കാര്യമായ ചെറുത്ത് നിൽപ്പില്ലാതെ കാര്യം നടത്തി മടങ്ങാമെന്നതാണ് വൃദ്ധ സ്ത്രീകളെ ലക്ഷ്യം വയ്ക്കാൻ കാരണം. ഇത്തരത്തിൽ വൃദ്ധകൾ തനിച്ച് താമസിക്കുന്ന വീടുകൾ പോലും തിരിച്ചറിഞ്ഞ് ഇയാൾ മാലപൊട്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാത്ത വിധം ഫുൾ സ്ളീവ് ഷർട്ടും പാന്റും ധരിച്ച് ഹെൽമറ്റും വച്ചാണ് സജീവ് ഓപ്പറേഷനിറങ്ങുക.

കഴിഞ്ഞ ദിവസം തിരുമലയിൽ വച്ച് പാർവതി എന്ന സ്ത്രീയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് സജീവ് കവർന്നത്. മാല കവരുന്നതിനിടയിൽ സ്ത്രീയെ റോഡിലേക്ക് ക്രൂരമായി തള്ളിയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ കുറിച്ച് തലസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയും തുടർന്ന് നിരത്തുകളിലെ വീഡിയോയിൽ നിന്നും വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് ഒരു മണിക്കൂറിനകം മാലക്കള്ളനെ പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇതിന് മുൻപും താൻ ഇത്തരത്തിൽ മാല കവർച്ച നടത്തിയിട്ടുണ്ടെന്നും, സ്വർണം വിറ്റ് ആ പണം പലിശയ്ക്ക് നൽകുകയാണ് രീതിയെന്നും സമ്മതിച്ചിരുന്നു.

പലിശയ്ക്ക് വാങ്ങിയ പണം തിരികെ നൽകാത്തതിന് സുഹൃത്തിൽ നിന്ന് പിടിച്ചെടുത്ത സ്കൂട്ടറിലാണ് സജീവ് മാലപൊട്ടിക്കാൻ തുടങ്ങിയത്. ഇതിലായിരുന്നു മാസങ്ങളായി സജീവിന്റെ സഞ്ചാരം.രജിസ്ട്രേഷൻ നമ്പരിന്റെ ഒരക്കം ഇളക്കി മാറ്റിയും മറ്റൊരക്കം ചെളിതേച്ച് മറച്ചുമായിരുന്നു മാലപൊട്ടിച്ചത്. മാലപൊട്ടിച്ച് രക്ഷപ്പെടുന്നിതിനിടെ സി.സി.ടി.വിയിൽ കുടുങ്ങിയ സ്കൂട്ടറിന്റെ നമ്പർ പ്ളേറ്റും അതിന് താഴ് വശത്തുള്ള താടിക്കാരന്റെ സ്റ്റിക്കറും തിരിച്ചറിഞ്ഞ ട്രാഫിക് പൊലീസുകാരനായ ബിജു മ്യൂസിയത്തിന് സമീപം റോഡരികിൽ നിന്ന് സ്കൂട്ടർ കണ്ടെത്തിയതായി കമ്മിഷണർക്ക് വിവരം കൈമാറിയിരുന്നു.

ഈ രഹസ്യവിവരമാണ് ഷാഡോ പൊലീസ് സംഘത്തിന് സജീവിനെ പിടികൂടാൻ സഹായകമായത്. സജീവിന്റെ പക്കൽ നിന്ന് മാലയും സ്കൂട്ടറും കണ്ടെത്തിയ പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണം ഇടപാട് ഡയറി കണ്ടെത്തിയത്.ഡയറിയിൽ പേരുളളവരെ നേരിൽ കണ്ട് പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ, അസി. കമ്മിഷണർമാരായ സുരേഷ് കുമാർ, ദിനരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സജീവിനെ പിടികൂടിയത്.