1

കായംകുളം: 'കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു... കായലിലെ വിളക്കുമരം കണ്ണടച്ചു..." തുലാഭാരം സിനിമയിലെ ഈ ഗാനം കേട്ടാൽ അറിയാതെയെങ്കിലും കായലും രാത്രിയിലെ വഴികാട്ടികളായ വിളക്കുമരവും ഓർമ്മയിൽ തുഴഞ്ഞെത്തും. കായംകുളം കായലിനരികിൽ പഴമയുടെ ശേഷിപ്പായി ഇന്നും ഒരു വിളക്കുമരം കണ്ണടയ്‌ക്കാതെയുണ്ട്.

വള്ളത്തൊഴിലാളി കൊച്ചുനാണുവിന്റെയും കയർപിരി തൊഴിലാളി റാണിയുടെയും പ്രേമകഥ പറയുന്ന വി. സാംബശിവന്റെ 'റാണി" എന്ന കഥാപ്രസംഗത്തിലൂടെയും വിളക്കുമരം ആസ്വാദക ഹൃദയങ്ങളിൽ പതിഞ്ഞു. കായംകുളത്തിന്റെ ഹ്രസ്വ ചിത്രകാരനായ അനി മങ്കിന്റെ 'നമ്മുടെ കായംകുളം" എന്ന ആൽബത്തിലാണ് തിരുവിതാംകൂറിലെ ആദ്യ വിളക്കുമരം വീണ്ടും ശ്രദ്ധയാകർഷിച്ചത്.

രാത്രിയിൽ ചരക്കുമായി നീങ്ങുന്ന വള്ളങ്ങൾക്ക് വഴികാട്ടിയായി രാജഭരണ കാലത്താണ് കായംകുളം നഗരത്തിന് പടിഞ്ഞാറ് തോട്ടുമുഖപ്പിൽ കായലിനരികിൽ വിളക്കുമരം സ്ഥാപിച്ചത്. അന്ന് മൂന്ന് ബ്രിട്ടീഷ് കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു.

കെട്ടുവള്ളങ്ങൾ വരാതായെങ്കിലും ഇന്നും വിളക്കുമരത്തിൽ വെളിച്ചം തെളിക്കുന്നുണ്ട്. പതിനഞ്ച് അടി ഉയരമുള്ള ട്രാവൻകൂർ മുദ്ര‌‌‌യുള്ള ഇരുമ്പ് സ്‌തൂപത്തിലായിരുന്നു മുമ്പ് വിളക്ക് സ്ഥാപിച്ചിരുന്നത്. മുകളിലെ ഭാഗം അടർന്ന് പോയെങ്കിലും കാലിന്റെ മദ്ധ്യഭാഗത്ത് തടിയിൽ തീർത്ത പെട്ടിയിൽ ചെറിയ കിളിവാതിലുണ്ടാക്കി ഗ്ളാസ് മറച്ചാണ് ഇപ്പോൾ വിളക്ക് തെളിക്കുന്നത്.

സമീപവാസിയായ തോട്ടുമുഖപ്പിൽ ചന്ദ്രമതിയെയാണ് (65) മണ്ണെണ്ണ വിളക്ക് തെളിക്കാനായി കരാറുകാരൻ ചുമതലപ്പെടുത്തിട്ടുള്ളത്. മുമ്പ് ചന്ദ്രമതിയുടെ പിതാവ് ശിവരാമനായിരുന്നു ചുമതല. ആദ്യകാലത്ത് അഞ്ച് ലിറ്റർ മണ്ണെണ്ണയും 250 രൂപയുമായിരുന്നു മാസപ്രതിഫലം. ഇപ്പോൾ പ്രതിമാസം 500 രൂപയാണ് നൽകുന്നത്.

കായലിന്റെ വശങ്ങൾ നികന്നതോടെ കണ്ടൽക്കാടുകൾക്ക് നടുവിലാണ് ഇപ്പോൾ വിളക്കുമരം. ഒരിക്കലും മുടക്കരുതെന്ന് പറഞ്ഞാണ് ശിവരാമൻ ചന്ദ്രമതിയെ ജോലി ഏല്പിച്ചത്. കെട്ടുവള്ളങ്ങളും കേവു വള്ളങ്ങളും കായലിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും കാറ്റത്തും മഴയത്തും ചന്ദ്രമതി തന്റെ ജോലി മുടക്കാറില്ല. രാവേറെ ചെന്നാലും ഇവിടെ വിളക്കുമരം തെളിഞ്ഞിരിക്കും.