pm-modi-arunachal-pradesh

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദർശനത്തിൽ എതിർപ്പുമായി രംഗത്തെത്തിയ ചൈനയ്‌ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഇക്കാര്യത്തിൽ ചൈനയുടെ അഭിപ്രായം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ പോകുന്നത് പോലെ തന്നെ കാലാകാലങ്ങളായി അരുണാചൽ പ്രദേശിലും ഇന്ത്യൻ ഭരണാധികാരികൾ പോകാറുണ്ട്. അത് ഇനിയും തുടരും. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ ഉദ്ഘാടനം ചെയ്‌തു.

എന്നാൽ നരേന്ദ്ര മോദിയുടെ സന്ദർശനം പ്രദേശത്തെ അതിർത്തി തർക്കം വർദ്ധിപ്പിക്കുമെന്നും ഇന്ത്യ അത്തരത്തിലുള്ള നടപടികളിൽ നിന്നും മാറിനിൽക്കണമെന്നുമാണ് ചൈനയുടെ നിലപാട്. സൗത്ത് ടിബറ്റെന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശിലേക്ക് ഇന്ത്യൻ നേതാക്കളും വിദേശ അതിഥികളും എത്തുന്നത് എല്ലാ കാലത്തും ചൈനയുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള അതിർത്തി വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ പ്രദേശമായി ഒരിക്കലും ചൈന അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം സ്വയം മനസിലാക്കി ഇന്ത്യൻ ഇത്തരം നടപടികളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ചൈനയുടെ നിലപാട്. അതിർത്തിയിൽ സംഘർഷത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞ് നിൽക്കണമെന്നും ചൈനീസ് വക്താവ് ആവശ്യപ്പെട്ടു.