കൊച്ചി: സ്വന്തം കഴിവുകളും വൈദഗ്ദ്ധ്യവും സാമൂഹിക പരിണാമത്തിനായി സമർപ്പിച്ച യുവ പ്രതിഭകളെ ആദരിക്കാൻ എസ്.ബി.ഐ സംഘടിപ്പിച്ച 'യോനോ എസ്.ബി.ഐ 20 അണ്ടർ ട്വന്റി" മത്സരത്തിൽ കൊച്ചി സ്വദേശിയായ എഴ് വസയുകാരൻ നിഹാൽ രാജ് (കിച്ച) ജേതാവായി. സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ - പുരുഷ വിഭാഗത്തിലാണ് കിച്ചയുടെ നേട്ടം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫാണ് കിച്ച. നാല് വയസുമുതൽ പാചക കലയിൽ വൈദഗ്ദ്ധ്യം തെളിയിച്ച കിച്ചയ്ക്ക് 'കിച്ച ട്യൂബ് എച്ച്.ഡി" എന്ന പേരിൽ യൂട്യൂബ് ചാനലുണ്ട്. 30,000ലേറെ വരിക്കാരുള്ള ചാനലാണിത്. പൊതുജനങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെ 60 പ്രതിഭകളെയാണ് എസ്.ബി.ഐ തിരഞ്ഞെടുത്തത്. ബോളിവുഡ് താരം ദിയ മിർസ, സ്‌പോർട്‌സ് ജേർണലിസ്‌റ്റും ഗ്രന്ഥകാരനുമായ ബോറിയ മജുംദാർ, മൈക്രോസോഫ്‌റ്ര് ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ ശശി ശ്രീധരൻ, എൻ.പി.സി.ഐ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ദിലീപ് അസ്‌ബെ, സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ മല്ലിക ദുവ എന്നിവരടങ്ങിയ പാനലാണ് അവസാന റൗണ്ടിലെ 20 വിജയികളെ തിരഞ്ഞെടുത്തത്. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ 20 പ്രതിഭകളെയും ആദരിച്ചു. ബോളിവുഡ് താരം അർജുൻ കപൂറിൽ നിന്ന് കിച്ച അവാർഡ് ഏറ്റുവാങ്ങി.