bear

മോസ്കോ: ധ്രുവക്കരടികളുടെ അനിയന്ത്രിത കുടിയേറ്റത്തിൽ ഭയന്നു കഴിയുകയാണ് ആർട്ടിക് സമുദ്രത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന റഷ്യൻ ഉപദ്വീപുകൾ. ആക്രമണകാരികളായ നിരവധി ധ്രുവക്കരടികളാണ് കഴിഞ്ഞദിവസങ്ങളിൽ ഇവിടെയെത്തിയത്. വീടുകളിലും കെട്ടിടങ്ങളിലും കടന്നു കയറുന്ന ഇവ പ്രദേശത്തെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇതോടെ 3000 താമസക്കാർ മാത്രമുള്ള റഷ്യയുടെ നൊവായ സെംല്യ ഉപദ്വീപുകാർ പരാതിയുമായി അധികൃതരെ സമീപിച്ചു. എന്നാൽ കരടികളെ വെടിവയ്ക്കാനുള്ള അനുമതി നൽകിയിട്ടില്ല. വംശനാശ ഭീഷണി നേരിടുന്ന ഹിമക്കരടികളെ വെടിവയ്ക്കുന്നത് നിയമവിരുദ്ധമാണ്.

52 കരടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയത്. കെട്ടിടങ്ങൾക്കകത്തേക്ക് കടക്കുന്ന ഇവ ആക്രമണകാരികളുമാണ്.

ആഗോള താപനത്തെ തുടർന്ന് ഉത്തര ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാലാണ് ഹിമക്കരടികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണത്തിനായെത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആദ്യമായാണ് മനുഷ്യവാസ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഹിമക്കരടികൾ വൻ തോതിൽ എത്തുന്നത്.