തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് പി.പി.മുകുന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പി.പി.മുകുന്ദൻ ഒരു സ്വകാര്യചാനലിനോട് വെളിപ്പെടുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ ശക്തമായ വിമർശനമാണ് മുകുന്ദൻ ഉന്നയിച്ചത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടിക്കടി നിലപാട് മാറ്റിയത് ആശയക്കുഴപ്പമുണ്ടാക്കി. ശബരിമല വിഷയം ബി.ജെ.പിക്ക് മുതലാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുക. ശിവസേന പിന്തുണ അറിയിച്ചിട്ടുണ്ട്. മറ്റു ചിലരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിക്ക് ആവശ്യമില്ലെങ്കിൽ തന്നെ പുറത്താക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.