ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്രയെ ഇന്നലെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് വാധ്രയെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
ഇതുവരെ 14 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 10.45നാണ് ഡൽഹിയിലെ ജാംനഗർ ഹൗസിലെ എൻഫോഴ്സ്‌മെന്റ് ഓഫീസിലേക്ക് സ്വകാര്യ വാഹനത്തിൽ വാധ്ര എത്തിയത്. ചില സംശയനിവാരണങ്ങൾക്കാണ് വാധ്രയെ വീണ്ടും വിളിപ്പിച്ചതെന്ന് എൻഫോഴ്സ്‌മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി.
ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ തവണ അഞ്ചര മണിക്കൂറോളവും രണ്ടാം തവണ ഒൻപതു മണിക്കൂറോളവും ചോദ്യം ചെയ്യൽ നീണ്ടുനിന്നു.
ഒളിവിലുള്ള പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നാണ് വാധ്ര വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ട ചില രേഖകൾ വാധ്ര സമർപ്പിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളിൽ ഈ മാസം 16 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.
ആദ്യ ദിവസം ഭാര്യ പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് വാധ്ര ഇ.ഡി ഒഫീസിലെത്തിയത്. രണ്ടാം ദിവസം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതും പ്രിയങ്ക തന്നെ.