ലക്നൗ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ഉത്തർപ്രദേശിലെ സഹാരൻപൂരിൽ 36 പേരും കുശിനഗറിൽ എട്ടു പേരും ഉത്തരാഖണ്ഡിലെ റൂർക്കെ, ഹരിദ്വാർ എന്നിവിടങ്ങളിലായി 28 പേരുമാണ് മരിച്ചത്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. മദ്യത്തിന് വീര്യം കൂട്ടാൻ രാസവസ്തുക്കൾ ചേർത്തതാണ് ദുരന്തത്തിന് കാരണമായത്. ഒരേ സ്ഥലത്തു നിന്ന് വാങ്ങിച്ച മദ്യമാണ് രണ്ട് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്തത്.

എന്നാൽ ചികിത്സ ലഭിക്കാൻ വൈകിയതാണ് പലരുടെയും മരണത്തിന് കാരണമായത്.

വ്യാജമദ്യം ഉത്തരാഖണ്ഡിൽ നിന്നാണ് യു.പിയിലെ സഹാരൻപൂരിൽ എത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്. ഉത്തരാഖണ്ഡിൽ ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് മദ്യക്കുപ്പികൾ സഹാരൻപൂരിലെത്തിച്ചതെന്നാണ് പറയപ്പെടുന്നത്. കുശിനഗറിൽ വിതരണം ചെയ്ത മദ്യം ബീഹാറിൽ നിന്നാണെന്നും യു.പി പൊലീസ് പറയുന്നു. സമ്പൂർണ മദ്യനിരോധിത സംസ്ഥാനമാണ് ബീഹാർ.

സംഭവവുമായി ബന്ധപ്പെട്ട് കുശിനഗറിൽ ഒമ്പത് എക്സൈസ് ഉദ്യോഗസ്ഥരെയും റൂർക്കെയിൽ 14 പേരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.