മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയിൽ തയ്യാറാക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ സിറ്റിംഗ് എം.എൽ.എമാർ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ഉമ്മൻചാണ്ടിക്ക് മത്സരിക്കാൻ പറ്റിയില്ലെങ്കിലും കോൺഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ലെന്നും ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെ മുല്ലപ്പള്ളി പറഞ്ഞു.
സിറ്റിംഗ് എം.പിമാരിൽ മത്സരിക്കാൻ താത്പര്യമുള്ളവര്‍ക്ക് സീറ്റ് നൽകാനാണ് കോൺഗ്രസ് തീരുമാനം. അല്ലാത്ത മണ്ഡലങ്ങളിൽ ജയസാദ്ധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാൻഡിന് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകണം. നേതൃത്വം ഈ പട്ടികയിൽ നിന്നായിരിക്കും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത പി.സി.സി അദ്ധ്യക്ഷൻമാരുടെയും പാർട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനം .
ഈ മാസം 25ന് മുൻപ് സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് പി.സി.സികൾക്ക് രാഹുൽ നൽകിയിരിക്കുന്ന നിർദ്ദേശം. പി.സി.സി അദ്ധ്യക്ഷൻമാർ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും പാർട്ടി അദ്ധ്യക്ഷന്‍ ഇക്കാര്യത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താം.